പാലാ: പ്രളയദിനത്തിൽ പാലായിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം അഭയം പ്രാപിച്ച വാസുപിള്ളയ്ക്കും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞ ഉണ്ണിത്താനും മരിയസദനം അഭയകേന്ദ്രമായി.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വാസുപിള്ളയുടെ ദുരവസ്ഥ മനസിലാക്കിയ പാലാ ജനമൈത്രി പോലീസ്, മരിയസദനം പ്രവർത്തകരുമായി ചേർന്നു നടത്തിയ പ്രവർത്തനത്തിലൂടെയാണ് വാസുപിള്ളയെ മരിയസദനത്തിൽ എത്തിച്ചത്.
വർഷങ്ങളായി പാലായിൽ ലോട്ടറി വിൽപ്പന നടത്തിയും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും കഴിയുകയായിരുന്നു ഇയാൾ. വെള്ളം നിറഞ്ഞ പാലായിലെ പാലത്തിനു കീഴിലിരിക്കുന്ന വാസുപിള്ളയുടെ ചിത്രമായിരുന്നു പ്രചരിച്ചത്. മരിയസദനം സന്തോഷും ജനമൈത്രി പോലീസും ചേർന്ന് ഇന്നലെ വാസുപിള്ളയെ കണ്ടെത്തി മരിയസദനത്തിൽ എത്തിക്കുകയായിരുന്നു.
വാസുപിള്ളയോടൊപ്പം മരിയസദനത്തിൽ എത്തിയ ആളാണ് എഴുപതു വയസോളം പ്രായമുള്ള ഉണ്ണിത്താൻ. ഇദ്ദേഹവും കഴിഞ്ഞ കുറെ വർഷങ്ങളായി പാലായുടെ തെരുവീഥികളിൽ അലഞ്ഞുതിരിയുകയായിരുന്നു. ബന്ധുക്കൾ ആരുമില്ലാത്തതിനാലും ശരിയായ ചികിത്സാ ലഭിക്കാത്തതു മൂലവും അവശ സ്ഥിതിയിലായിരുന്നു.
ഭിക്ഷ യാചിച്ചും കടത്തിണ്ണകളിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്ന ഉണ്ണിത്താനും പ്രളയംമൂലം കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു. ഉണ്ണിത്താനെയും വാസുപിള്ളയെയും മരിയസദനത്തിൽ പുനരധിവാസത്തിനായി പ്രവേശിപ്പിച്ചു.