കൊരട്ടി: വീടിന്റെ അടുക്കള വ്യാജചാരായ നിർമ്മാണ കേന്ദ്രമാക്കി ചാരായ നിർമാണവും വിപണനവും നടത്തിവന്ന രണ്ടു പേർ പിടിയിൽ. കാതിക്കുടം സ്വദേശികളായ ആത്രപ്പിളളി വീട്ടിൽ വിനോജ് (35), ഗോപുരൻ വീട്ടിൽ ഷെന്നി ജോസഫ് (41)എന്നിവരെയാണ് കൊരട്ടി സിഐ ബി. കെ. അരുണും സംഘവും പിടികൂടിയത്.
കാതിക്കുടത്തെ വിനോജിന്റെ വീടിനു പുറകിലെ അടുക്കളയിൽ ചാരായ നിർമാണം നടത്തുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്തിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്നും ഏഴ് ലിറ്റർ മദ്യവും 200 ലിറ്റർ വാഷും പോലീസ് കണ്ടെത്തി.
ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതൽ കാതിക്കുടത്തും പരിസരങ്ങളിലും ചാരായ നിർമാണം നടക്കുന്നുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിസരങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാരായ നിർമാണം, വിതരണം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുമായി ചാലക്കുടി ഡി വൈ എസ് പി സി.ആർ. സന്തോഷിന്റെ നിർദേശപ്രകാരം ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് രൂപീകരിക്കുകയും ഈ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തു കേസുകളിലായി പതിനാറോളം പ്രതികളെ പിടികൂടുകയും, ആയിരത്തിലധികം ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇൻസ്പെക്ടർ എസ് എച്ച് ഒ ബി കെ അരുണ്‍, എസ് ഐ സി.ഒ ജോഷി, എഎസ്ഐമാരായ എം. എസ്. പ്രദീപ്, മുഹമ്മദ് ബാഷി, മുരുകേഷ് കടവത്ത് , സീനിയർ സിപിഒ മാരായ വി.ആർ. രഞ്ജിത്ത്, എം.ബി. ബിജു, ഹോംഗാഡുമാരായ ജോയ്, ജയൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കായ ഇരുവരേയും റിമാൻഡു ചെയ്തു.