കൊച്ചി: വ്യാജവാറ്റുമായി ബന്ധപ്പെട്ട് ജില്ലയിൽ എട്ടുപേർ പിടിയിൽ. ആലുവയിൽ മൂന്നു പേരും പനങ്ങാട് രണ്ടു പേരും കോതമംഗലത്തും മൂവാറ്റുപുഴയിലും അങ്കമാലിയിലും ഓരോരുത്തരുമാണ് പോലീസ്, എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ആലുവയിൽ കാനഡയിൽനിന്ന് അവധിക്കെത്തിയ സൺ ജോർജ്, സുഹൃത്തുക്കളായ ഷാലജ്, വിപിൻ എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് 30 ലലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
പനങ്ങാട് ചാത്തമ്മയിൽനിന്നാണ് രണ്ടു പേർ എക്സൈസിന്റെ പിടിയിലായത്. മഠത്തിപറമ്പിൽ എം.ആർ. രാജേഷ്(40), ഇയാളുടെ സഹായി കെ.ജെ.പോൾ (50) എന്നിവരെയാണ് എക്സൈസ് തൃപ്പൂണിത്തുറ റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇവരിൽനിന്ന് വാറ്റ് ഉപകരണങ്ങളും 30 ലിറ്റർ കോടയും കണ്ടെടുത്തു. കോതമംഗലത്ത് ഇഞ്ചത്തൊട്ടി മാപ്പാഞ്ചേരി ജോസ് (55) ആണ് ഏഴു ലിറ്റർ വാറ്റുചാരായവുമായി കുട്ടന്പുഴ പോലീസിന്റെ പിടിയിലായത്. കുട്ടന്പുഴ മാമലക്കണ്ടത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.
എക്സൈസ് അധികൃതരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. മാമലക്കണ്ടം കൊല്ലംപാറ പുളിക്കമാലിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് വാഷും മറ്റും പിടികൂടിയത്. മാമലകണ്ടം കോളശേരിപ്പടി റവന്യൂ പുറന്പോക്കിലെ കുറ്റിക്കാട്ടിൽ വാറ്റുചാരായം തയാറാക്കാനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും പിടികൂടി നശിപ്പിച്ചു.
ഞാറക്കലിൽ കിഴക്കേ മഞ്ഞനക്കാട് തുരുത്തിലെ ചെമ്മീന്‍ കെട്ടിലെ ചിറയില്‍നിന്ന് 200 മില്ലി ലിറ്റര്‍ ചാരായവും 110 ലിറ്റര്‍ വാഷും ഞാറക്കല്‍ എക്സൈസ് കണ്ടെടുത്തു. ഞാറക്കല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൂവാറ്റുപുഴയിൽ ആരക്കുഴ മാരിയിൽ അനീഷ് (48) ആണ് അറസ്റ്റിലായത്. നാലു ലിറ്റർ വ്യാജമദ്യവും മദ്യം നിർമിക്കാനുപയോഗിച്ച വസ്തുക്കളും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ മൂവാറ്റുപുഴ ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി.
അങ്കമാലി എക്സൈസ് നടത്തിയ പരിശോധനയിൽ കറുകുറ്റിയിൽനിന്ന് ഒരാൾ അറസ്റ്റിലായി. മുന്നൂര്‍പ്പിള്ളി കരയില്‍ പ്രശാന്ത് (33) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് നാല് ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.