എരുമേലി: എറണാകുളത്ത് ബന്ധുവിന്റെ വീട്ടിൽ താമസിച്ച് ചാരായ വില്പന നടത്താൻ വേണ്ടി എരുമേലി എലിവാലിക്കരയിലെ സ്വന്തം വീട്ടിൽ ചാരായം വാറ്റി നിർമിച്ചുകൊണ്ടിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. എലിവാലിക്കര ഈസ്റ്റിൽ പൂവത്തുശേരിൽ വീട്ടിൽ വിശ്വൻ (55) ആണ് പിടിയിലായത്. മദ്യനിരോധന ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
അഞ്ച് ലിറ്റർ ചാരായവും 74 ലിറ്റർ കോടയും ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും എരുമേലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിനു ജെ.എസിന്റെ നേതൃത്വത്തിൽ പിടികൂടി.
കഴിഞ്ഞദിവസം രാവിലെയാണ് പ്രതി എറണാകുളത്ത് നിന്ന് എലിവാലിക്കരയിലെ വീട്ടിൽ വാറ്റുന്നതിനായി എത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. എട്ട് ദിവസം മുമ്പ് വീട്ടിൽ കോട കലക്കി രഹസ്യമായി സൂക്ഷിച്ചു വെച്ച ശേഷം എറണാകുളത്തെ ബന്ധു വീട്ടിൽ പോയ ഇയാൾ വാറ്റുന്നതിനു വേണ്ടി മടങ്ങി എത്തിയതായിരുന്നു. ഇയാൾ വീട്ടിൽ കോട കലക്കി വെച്ചിട്ടുണ്ടെന്നും വാറ്റുന്നതിനായി എത്തുമെന്നും വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം രഹസ്യനിരീക്ഷണം നടത്തി വരികയായിരുന്നു.
ഇയാൾ എത്തിയതറിഞ്ഞ് എക്സൈസ് സംഘം ചെല്ലുമ്പോൾ വീടിനകത്ത് ചാരായം വാറ്റി ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വാറ്റിയെടുത്ത ചാരായവുമായി പിറ്റേന്ന് കൊച്ചിക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പ്രതിയെന്നും ഒരു ഫുൾ ബോട്ടിൽ ചാരായം 450 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ.എസ്, രതീഷ് പി.ആർ, ഷിനോ പി.എസ്, ശ്രീലേഷ് വി.എസ്, പ്രിവന്റീവ് ഓഫീസർമാരായ അരുൺ.എം, ബെനിയാം പി.ടി എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.