കൊട്ടാരക്കര: തെരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്ന് സൂചനകൾ. ഇതേ തുടർന്ന് പോലീസും എക്സൈസും പരിശോധനകൾ കർക്കശമാക്കി.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യശാലകൾ അടച്ചിടുന്നതിനാൽ മദ്യലഭ്യത കുറയും. ഈ അവസരം മുതലെടുത്ത് വ്യാജമദ്യം രംഗത്തിറക്കാനാണ് അണിയറ നീക്കം. രഹസ്യാന്വേഷണ വിഭാഗത്തിന് ഇതിന്റെ സൂചനകൾ ലഭിച്ചതോടെയാണ് പരിശോധനകൾ കർക്കശമാക്കിയിട്ടുള്ളത്. മുൻ കാലങ്ങളിൽ ഈ രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരും കേസിൽപ്പെട്ടവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുമെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.
തെരഞ്ഞെടുപ്പു ദിവസം പ്രവർത്തകർക്ക് ആവേശം പകരാനും വോട്ടു സ്വാധീനിക്കാനും രാഷ്ട്രീയ പാർട്ടികൾ മദ്യം ഉപയോഗപ്പെടുത്തുമെന്നും സൂചനകളുണ്ട്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നും മദ്യമെത്തിക്കുമെന്നാണ് സംശയിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ച് വൻതോതിൽ വ്യാജവാറ്റും നടന്നു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്.
ഇതേ തുടർന്നുള്ള പരിശോധനയിലാണ് പട്ടാഴിയിൽ വ്യാജവാറ്റു കേന്ദ്രം കണ്ടെത്താനായതും കോടയും ചാരായവും പിടികൂടാൻ കഴിഞ്ഞതും. വനമേഖലകളിൽ വാറ്റു സംഘങ്ങൾ തമ്പടിച്ചിട്ടുള്ളതായും സംശയിക്കപ്പെടുന്നു. എക്സൈസ്, എക്സൈസ് ഇന്റലിജൻസ്, പോലീസ്, പോലീസ് രഹസ്യാന്വേഷണ വിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധനകൾ നടത്തി വരുന്നത്.
ബസ് സ്റ്റാൻറുകൾ, റെയിൽവേ സ്റ്റേഷനുകൾ എല്ലാം നിരീക്ഷണത്തിലാണ്. ഷാഡോ പോലീസും രംഗത്തുണ്ട്. വാഹന പരിശോധനയ്ക്കു ബസുകൾക്കുള്ളിലുള്ള പരിശോധനകളും നടന്നു വരുന്നു.അതിർത്തി കടന്നുള്ള അതിക്രമങ്ങളും മദ്യക്കടത്തും തടയാനും സുരക്ഷ കർശനമാക്കാനുംവേണ്ടി കൊല്ലം റൂറൽ പോലീസ് മേധാവിയും തിരുനൽവേലി ജില്ലാ പോലീസ് മേധാവിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇതിന്റെയടിസ്ഥാനത്തിൽ ആര്യങ്കാവിൽ സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.
സുഷ്മമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്. വനത്തിനുള്ളിലെ വ്യാജവാറ്റു തടയാൻ വനം വകുപ്പു ജീവനക്കാരുടെ സഹായവും തേടിയിട്ടുണ്ട്.വ്യാജമദ്യം തേടിപ്പോകരുതെന്നാണ് ഉദ്യോഗസ്ഥർക്കു പറയാനുള്ളത്. അത് ദുരന്തത്തിലേക്കുള്ള വഴിയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.