ഹരിപ്പാട്: അനിശ്ചിതകാലത്തേക്ക് ലോക്കൽ ബാറുകളുടെയും സർക്കാർ ഔട്ട്ലറ്റുകളുടെ പ്രവർത്തനം നിലച്ചതോടെ ഉറങ്ങിക്കിടന്ന വാറ്റുകേന്ദ്രങ്ങൾക്ക് ജീവൻവയ്ക്കുന്നു.
മുന്നറിയിപ്പില്ലാതെ മദ്യശാലകൾക്ക് താഴ് വീണത് സ്ഥിരം മദ്യപാനികൾക്ക് മുൻകൂർ ശേഖരിക്കാനുള്ള അവസരമില്ലാതായി. ഇതോടെയാണ് വാറ്റിനു ജീവൻ വെച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്ന തരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളുമായിട്ടാണ് വാറ്റുകേന്ദ്രങ്ങൾ സജ്ജമാകുന്നത്.
മുൻ കാലങ്ങളിലെപ്പോലെ കോട പുളിക്കാൻ എഴു ദിവസം വേണ്ട. 24മണിക്കൂർ കൊണ്ട് ചാരായം ഉത്പാദിപ്പിക്കാൻ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയുമായിട്ടാണ് വാറ്റു കേന്ദ്രങ്ങൾ സജ്ജമാകുന്നത്. മറ്റു പരിശോധനകൾ ഒഴിവാക്കി പോലീസും എക്സൈസും കൊറോണ നിരീക്ഷണവും ബോധവത്കരണമുവായി കൂടുതൽ സമയം ചെലവഴിക്കുന്നത് വാറ്റുകാർക്ക് അനുകൂല കാലാവസ്ഥയാകുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയിലാണ് പോലീസും എക്സൈസും.
ഈസ്റ്റർ – വിഷു ആഘോഷമാക്കാൻ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വാറ്റു കേന്ദ്രങ്ങൾ സജീവമാകൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒപ്പം വാറ്റു ചാരായ ഉത്പാദകർക്ക് പ്രാദേശിക രാഷ്ട്രീയക്കാരുടെ പിൻബലവും ലഭിക്കുന്നത് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നു.
മുതകുളം, ആറാട്ടുപുഴ, കരുവാറ്റ, തോട്ടപ്പള്ളി വീരപ്പൻ കാട്, ലക്ഷ്മിതോപ്പ്, കാരമുട്ടേൽ,കരുവാറ്റ പട്ടാണിച്ചിറ, ഹസ്താകാപുരം തോപ്പ്, നല്ലാണിക്കൽ, പള്ളിപ്പാട് എന്നീ പ്രദേശങ്ങളിലാണ് വാറ്റ് പുനരാരംഭിക്കാൻ തയാറെടുക്കുന്നത്. വാറ്റ് ചാരയ ഉത്പാദനത്തിൽ ജില്ലയിൽ കുപ്രസിദ്ധമായ പ്രദേശങ്ങളാണ് ലക്ഷ്മിതോപ്പ്.
ചെറുതോടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ ആൾതാമസവും കുറവുമാണ്. ഇവിടെ പകൽ സമയത്തു പോലും ചാരായം ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന് ആവശ്യമായ കോടയും വാറ്റു ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും.
വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്തതിനാൽ ഇവിടെ ഉദ്യോഗസ്ഥർ പരിശോധന നടത്താറുമില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ വാറ്റ് ചാരായം എത്തിക്കുന്നത് ഈ പ്രദേശത്തെ വാറ്റുകേന്ദ്രങ്ങളാണ്. നവസാരവും മറ്റ് വർധിത രാസപദാർഥങ്ങളും ചേർത്താണ് കോട തയാറാക്കുന്നത്.
12 മണിക്കൂർ കഴിയുമ്പോൾ മൂന്നു മണിക്കൂർ വൈദ്യുതി കടത്തിവിട്ട് തിളപ്പിച്ച് പുളിപ്പിക്കും. തുടർന്ന് കോട തണുക്കുമ്പോൾ വാറ്റ് ആരംഭിക്കും. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് നിരവധി കേന്ദ്രങ്ങൾ സജ്ജീവമായിക്കഴിഞ്ഞു. വീട്ടിൽ ഇരുന്നും ചാരായം ഉണ്ടാക്കാൻ കഴിയുന്ന സംവിധാനമാണ്.
വീടുകളുടെ ടെറസിന് മുകളിലാണ് ഇത്തരത്തിലുള്ള സജീകരണങ്ങൾ വാറ്റുകാർ ഒരുക്കിയിട്ടുള്ളത് എന്നതും പ്രത്യേകതയാണ്. 30കിലോ ശർക്കരയും 100രൂപയുടെ ഈസ്റ്റും ഒരു സിലിണ്ടർ ഗ്യാസുമുണ്ടെങ്കിൽ 22.5 ലിറ്റർ ചാരായം ഉത്പാദിപ്പിക്കാൻ സാധിക്കും.
ഇത്രയും അസംസ്കൃത വസ്തുക്കളുടെയും മറ്റ് ചെലവും കൂടി 5000രൂപയാകും. ബാർ അടച്ചതോടെ ഒരു ലിറ്റർ ചാരായം 800 – 900 രൂപയ്ക്കാണ് വില്ക്കുന്നത്. അതായത് 5000 മുടക്കിയാൽ കൈയ്യിലെത്തുന്നത് 18,000 – 20,000 രൂപ.
വിദേശമദ്യം ലോഭമില്ലാതെ ലഭിച്ചിരുന്ന സമയത്ത് ലിറ്ററൊന്നിന് 500 രൂപയ്ക്കാണ് വാറ്റുചാരായം ലഭിച്ചിരുന്നത്. രാത്രിയാണ് ചെറുവള്ളങ്ങളിലും ഇരുചക്ര വാഹനങ്ങളുടെ ഡിക്കിയിലും ഒളിപ്പിച്ചു ശർക്കര വാറ്റുകാർക്ക് എത്തിക്കുന്നത്. ഉണ്ടശർക്കര പൊട്ടിക്കുമ്പോൾ ശബ്ദം കേൾക്കുമെന്നതിനാൽ ദ്രവരൂപത്തിലുള്ളതും പൊടിശർക്കരയുമാണ് വാറ്റുകാർക്കു പ്രിയം.