ചാത്തന്നൂർ: അടച്ചു പൂട്ടിയ വിദേശമദ്യവില്പനശാലകളും ബാറുകളും തുറക്കണമെന്ന നിലപാടുമായി എക്സൈസ്. വ്യാജമദ്യദുരന്തഭീഷണിയുടെ ആശങ്കയിലാണ് എക്സൈസ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കൊറോണ ഭീഷണിയെ തുടർന്ന് വിദേശമദ്യശാലകൾ പൂട്ടിയതോടെ വാറ്റ് ചാരായവും വ്യാജ നിർമ്മിത വിദേശമദ്യവും ലഹരി പതയുന്ന അരിഷ്ടവും രഹസ്യമായാണെങ്കിലും വ്യാപകമായി വില്പനയ്ക്കെത്തി.
ഇവ ഏത് നിമിഷവും മദ്യദുരന്തം സൃഷ്ടിക്കാമെന്ന അവസ്ഥയിലാണെന്നാണ് എക്സൈസിന്റെ ആശങ്ക. സംസ്ഥാനത്ത് ഏറ്റവുമധികം വില്പന നടക്കുന്നത് കൊല്ലം ജില്ലയിലാണെന്ന് എക്സൈസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രഫഷണൽ വാറ്റ് ചാരായ നിർമ്മാണത്തിനും വ്യാജ വിദേശമദ്യ നിർമ്മാണത്തിനും പുറമേ വാറ്റ് @ ഹോം എന്ന പേരിലറിയപ്പെടുന്ന വീടുകളിലെ പ്രഷർകുക്കർ വാറ്റും വലിയ തോതിലുണ്ട്. വാറ്റ്@ ഹോം കാരെ പിടികൂടുക അസാധ്യമായ ദൗത്യമാണ്.
അധികൃതമായ മദ്യം ലഭിച്ചാൽ വാറ്റിനും വ്യാജ വിദേശമദ്യ നിർമ്മാണത്തിനും ഒരു പരിധി വരെ തടയിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. വ്യാജമദ്യവും വാറ്റുചാരായവും അരിഷ്ടവും പിടികൂടുന്നെങ്കിലും പൂർണമായി ഇത് നിർത്തലാക്കാൻ എക്സൈസിന് അസാധ്യമായ കാര്യമാണ്.
കേരളത്തിൽ അബ്കാരി കേസുമായി ഏറ്റവും കുടുതൽ പേരെ അറസ്റ്റ് ചെയ്തത് കൊല്ലം ജില്ലയിലാണെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ജെ. താജുദീൻ കുട്ടി പറഞ്ഞു.
വിദേശമദ്യവില്പനശാലകൾ അടച്ച ശേഷം 98 പേരെയാണ് പ്രതികളായി അറസ്റ്റ് ചെയ്തത്. റിമാൻഡിലാവുന്ന ഇവരെ പാർപ്പിക്കാൻ കൊല്ലത്തെ ജയിലുകളിൽ സ്ഥലമില്ലാത്തതിനാൽ ആറ്റിങ്ങലിലെയും തിരുവനന്തപുരത്തെ സ്പെഷൽ സബ് ജയിലിലുമാണ് പാർപ്പിക്കുന്നത്.
രഹസ്യമായി വൻതോതിൽ വാറ്റ് നടത്തി എക്സൈസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട പ്രതികൾ അറസ്റ്റിലായവരുടെ ഇരട്ടിയെങ്കിലുമുണ്ടാകും. എക്സൈസോ പോലിസോ എത്തുമ്പോൾ ഓടി രക്ഷപ്പെടുന്നവരാണ് ഇവർ.
കോടയും ചാരായവും നശിപ്പിക്കുകയും തിരിച്ചറിയാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്യാനേ എക്സൈസിന് കഴിയുകയുള്ളു എന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് പോലീസും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗണിന് ശേഷം 18500 ലിറ്റർ കോടയും 275 ലിറ്റർ വാറ്റ് ചാരായവും എക്സൈസ് പിടികൂടിയിട്ടുണ്ട്. കോടനശിപ്പിക്കുകയും ചാരായവും വാറ്റുപകരണങ്ങളും തൊണ്ടിയായി എടുക്കുകയുമാണ് ചെയ്യുന്നത്.
600 ലിറ്ററോളം സ്പിരിറ്റിൽ ഫ്ലേവർ ചേർത്ത് നിർമ്മിച്ച വ്യാജ നിർമ്മിത വിദേശമദ്യവും 850 ലിറ്റർ ലഹരി അരിഷ്ടവും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വില്പന നടത്തിയ 16 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.