കൊച്ചി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വന്നെന്ന കാരണത്താൽ പഴയ കേരള വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കുന്നതിൽനിന്നു വ്യാപാരികൾക്ക് ഒഴിവാകാനാവില്ലെന്നു ഹൈക്കോടതി. വാറ്റ് നികുതി കുടിശികയും പിഴയും ഈടാക്കാൻ സർക്കാരിന് അധികാരം നല്കുന്ന കേരള ജിഎസ്ടി (ചരക്കു സേവന നികുതി) നിയമത്തിലെ 173, 174 വകുപ്പുകൾ ഭരണഘടനാ വിരുദ്ധമല്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
റ്റ് നികുതി കുടിശികയും പിഴയും അടയ്ക്കണമെന്ന നിർദേശം നിലനിൽക്കുമോയെന്ന ഭരണഘടനാ ചോദ്യമാണു പരിഗണിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു തർക്കങ്ങൾക്ക് ഉചിതമായ ബദൽ ഫോറങ്ങളെ ഹർജിക്കാർക്കു സമീപിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കാനുള്ള സർക്കാരിന്റെ നോട്ടീസിനെ ചോദ്യം ചെയ്തു 3280 ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
ഇവയിൽ തീർപ്പു കല്പിച്ചതോടെ 2000 കോടി രൂപയുടെ കുടിശികയും പിഴയും ഈടാക്കാൻ സർക്കാരിനു തുടർനടപടികൾ സ്വീകരിക്കാൻ കഴിയും. 2011-2012 വർഷം മുതലുള്ള കുടിശികയും പിഴയും ഈടാക്കാൻ ഹർജിക്കാരല്ലാത്ത സ്ഥാപനങ്ങൾക്കെതിരേയും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ 15,000 കോടി രൂപയുടെ നടപടിക്കാണു ഹൈക്കോടതി പച്ചക്കൊടി കാട്ടിയതെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു.
101 -ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ജിഎസ്ടി നിലവിൽ വന്നത്. ഏതെങ്കിലും സംസ്ഥാനത്തെ നികുതി നിയമം ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നില്ലെങ്കിൽ ഒരു വർഷത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നു വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതിനാൽ പഴയ വാറ്റ് നികുതി നിയമപ്രകാരമുള്ള നടപടി അസാധുവാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.