കോഴിക്കോട്: ഓണക്കാലം ലക്ഷ്യമിട്ടു നടക്കുന്ന വ്യജവാറ്റ് തടയാൻ കർശന നടപടിയുമായി എക്സൈസ്. കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ ഉടുന്പൻചോല, പാറത്തോട്, ഖജനാപ്പാറ, കന്പംമെട്ട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ എക്സൈസ് ജാഗ്രതയിലാണ്. ഇതോടൊപ്പം കോഴിക്കോട് മലയോ പ്രദേശങ്ങളിലും കർശന പരിശോധന ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
ചാത്തമംഗലത്ത് സിപിരിറ്റ് കുടിച്ച് മൂന്നുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രദേശങ്ങളിലും പരിശോധന കർശനമാക്കുന്നത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ അനധികൃത മദ്യവിൽപന സജീവമാണെന്ന് ഉദ്യോഗസ്ഥർപറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് നടത്തിയ റേയ്ഡുകളിൽ സംസ്ഥാന വ്യാപകമായി 250 ലിറ്റർ കോടയും 22 ലിറ്റർ അനധികൃത വിദേശ മദ്യവും പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ ഈ മേഖലയിലെ നിരവധി വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തുകയും അനധികൃത മദ്യവിൽപനക്കാരെ പിടികൂടുകയും ചെയ്തിരുന്നു. കുമളി മുരുക്കടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 250 ലിറ്റർ കോടയും വാറ്റ് ചാരായവുമാണ് പിടിച്ചത്.
കഞ്ഞിക്കുഴിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 22 ലിറ്റർ വിദേശമദ്യവും പിടിച്ചു. ഇവയൊക്കെയും ഓണക്കാലം ലക്ഷ്യമിട്ട് നിർമ്മിക്കുന്നതാണെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഓട്ടോകൾ, ഹോട്ടലുകൾ, മാടക്കടകൾ എന്നിവിടങ്ങളിലും എക്സൈസ് രഹസ്യാന്വേഷണ വിഭാഗം പരിശോധനകൾ നടത്തുണ്ട്. അനധികൃത കേന്ദ്രങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരിൽ ഏറെയും തോട്ടം തൊഴിലാളികളും, ഇതരസംസ്ഥാന തൊഴിലാളികളുമാണ്. വാറ്റുചാരായം നിർമ്മിക്കാനുപയോഗിക്കുന്ന കോട്വനമേഖലകളിൽ സൂക്ഷിക്കുന്നത് തടയാൻ വനം വകുപ്പും പരിശോധന നടത്തിവരുന്നു.