കായംകുളം : ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വ്യാജ വാറ്റ് കേന്ദ്രത്തിൽ കായംകുളം എക്സൈെസ് സംഘം നടത്തിയ റെയ്ഡിൽ 650 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.
കായംകുളം കീരിക്കാട് കണ്ണംമ്പള്ളി ഭാഗം ലക്ഷ്മി സദനത്തിലെ വാടക വീട്ടിലാണ് റെയ്ഡ് നടത്തിയത്. ചിങ്ങോലി സ്വദേശിയായ കാവിൽ വീട്ടിൽ അനന്തകുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
ഇവരുടെ നേതൃത്വത്തിലാണ് വൻതോതിൽ വ്യാജ ചാരായം ഉത്പാദിപ്പിച്ചു വന്നതെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീർഷ പറഞ്ഞു.പകൽ സമയങ്ങളിൽ വീട് അടച്ചിട്ട് ചാരായം ഉത്പാദിപ്പിച്ച് രാത്രികാലങ്ങളിൽ കുടുംബസമേതം യാത്ര ചെയ്ത് ഇടപാടുകാർക്ക് ചാരായം എത്തിച്ച് കൊടുക്കുകയാണ് പതിവെന്നും എക്സൈസ് കണ്ടെത്തി .
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ കൊച്ചു കോശി, സുനിൽ കുമാർ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഓംകാർ നാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ റഫീഖ് ,വിപിൻ, ദീപു എന്നിവർ പങ്കെടുത്തു.