കാലടി: വ്യാജമദ്യം ഉണ്ടാക്കുന്ന വീഡിയോ കണ്ടു ചാരായം വാറ്റിയ രണ്ടു യുവാക്കളെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കൊറ്റമം തളിയൻ ടിന്റോ (32), തളിയൻ ഷിനോയ് (27) എന്നിവരാണ് പിടിയിലായത്.
വാറ്റുന്നതിനായി ഒരുക്കിയ 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയിൽനിന്നാണു മദ്യം വാറ്റുന്ന രീതി പ്രതികൾ മനസിലാക്കിയതെന്നു പോലീസ് പറഞ്ഞു.
കൊറ്റമം പള്ളിക്കടവിനോടു ചേർന്നുള്ള പെരിയാർ തീരത്തെ കുറ്റിക്കാട്ടിലായിരുന്നു മദ്യം വാറ്റൽ. 22ന് വൈകുന്നേരമാണ് ഇരുവരും പിടിയിലായത്.
ഒന്നാം പ്രതിയായ ടിന്റോ കാലടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ്. രണ്ടാം പ്രതി ഷിനോയ് വിദേശത്ത് ജോലിയുള്ളയാളാണ്. ലോക്ക് ഡൗണിന് മുന്പ് ലീവിന് വന്നശേഷം തിരികെ പോകാതെ നാട്ടിൽ നിൽക്കുകയായിരുന്നു.
സിഐ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജെയിംസ് മാത്യു, എം.എൻ. സുരേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.