ചങ്ങനാശേരി: പറാലിലെ വാറ്റുകാർ ഉടൻ എക്സൈസിന്റെ പിടിയിലാകും. വാറ്റു സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവർ തോട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും ചാരായ നിർമാണ സാമഗ്രികളും ഇന്നലെ പിടികൂടിയിരുന്നു. പറാൽ തോട്ടിൽ പോളക്കിടയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്.
വാഹന സൗകര്യം തീരയില്ലാത്ത മേഖലയിൽ മോട്ടോർ തറകൾ കേന്ദ്രീകരിച്ച് വ്യാപകമായ ചാരായ നിർമാണം നടക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയും ശക്തമാക്കിയിരുന്നു.
വാഹനം എത്തുന്ന സ്ഥലത്ത് നിന്നു രണ്ടുകിലോമീറ്റർ ദൂരത്തിൽ തോടിന്റെ ബണ്ടിലൂടെ നടന്നാണ് എക്സൈസ് സംഘം കോട സൂക്ഷിച്ച സ്ഥലത്ത് എത്തിയത്. വിഷപ്പാന്പുകളുടെ ശല്യം കൂടുതലുള്ള സ്ഥലമായതിനാൽ ആളുകൾ സാധാരണയായി ഇവിടെ എത്താൻ ഭയപ്പെട്ടിരുന്നു.
ഈ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചാരായ വാറ്റ് നടന്നിരുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിയാണ് അവസാനിച്ചത്.ഇവിടെ ഉണ്ടാക്കിയിരുന്ന ചാരായം വള്ളങ്ങളിൽ കടത്തികൊണ്ട് വന്ന് അയൽ ജില്ലകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയിരുന്നു.
വാറ്റു ഉപകരണങ്ങൾ വലിയ മുളയിൽ കെട്ടി ബണ്ടിലൂടെ മണിക്കൂറുകൾ നടന്നാണ് കരയ്ക്ക് എത്തിച്ചത്. ചങ്ങനാശേരി റേഞ്ചിന്റെ പരിധിയിൽ വ്യാപക രീതിയിൽ ചാരായ നിർമ്മാണവും വിതരണവും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ ഇവിടെ നിന്നും 400 ലിറ്റർ കോട കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ അൽഫോണ്‍സ് ജേക്കബ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ എം.നൗഷാദ്, ആന്റണി മാത്യൂ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഷെഫീക്ക്, കെ.എസ്. അരുണ്‍ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.