അഞ്ചല്‍ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുമ്പ് തന്നെ സംസ്ഥാനത്തെ സര്‍ക്കാര്‍ മദ്യ വില്പന ശാലകളും ബാറുകളും അടക്കം സര്‍ക്കാര്‍ അടച്ചു.
ഇതോടെ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘവും സജീവമായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാത്രം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആയിരത്തിലധികം ലിറ്റര്‍ കോടയാണ് പോലീസും എക്സൈസും കണ്ടെത്തി നശിപ്പിച്ചത്.
അഞ്ചലില്‍ എണ്ണൂര്‍ ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചിരുന്നു. കേസില്‍ രണ്ടുപേരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത് ഏരൂർ വിളയിൽ വീട്ടിൽ 30 വയസുള്ള ഹരീഷ് (30), വിനോദ് ഭവനിൽ കുഞ്ചു എന്ന് വിളിക്കുന്ന വിനോദ് (35) എന്നിവരെയാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കടയ്ക്കലില്‍ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇരുന്നൂര്‍ ലിറ്റര്‍ കോടയും മൂന്ന് ലിറ്റര്‍ ചാരായവും കണ്ടെത്തി. വാറ്റ് ഉപകരണങ്ങളും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ആയതിനാല്‍ വന പ്രദേശം, തോട്ടം മേഖല എന്നിവിടങ്ങളില്‍ ജനങ്ങളുടെ വരവ് കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് സജീവമായി നടക്കുന്നത്.
പോലീസോ എക്സൈസോ ഇവിടേക്ക് എത്തിയാല്‍ വാറ്റ് സംഘത്തെ അറിയിക്കാനും ആളുകള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ പരിശോധനയും പ്രയാസകരമാണ്
. എന്തായാലും വരും ദിവസങ്ങളിലും പരിശോഥന് കര്‍ശനമാക്കാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.