പൊൻകുന്നം: പൊൻകുന്നത്ത് വീടിന്റെ രണ്ടാം നിലയിൽ വാറ്റ് കേന്ദ്രം നടത്തിയാളെ തേടി എക്സൈസ് സംഘം. ഇളങ്ങുളം പൗർണമിയിൽ ആർ.അശോക് കുമാറി(35)നെ പിടികൂടാൻ വേണ്ടിയാണ് എക്സൈസ് ഉൗർജിതമായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇയാളുടെഇരുനില വീടിന്റെ മുകൾ നിലയിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റാനായി സൂക്ഷിച്ചിരുന്ന 385 ലിറ്റർ കോടയുമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട ഇയാൾ മുകൾനിലയുടെ പിന്നിലെ വാതിലിൽക്കൂടി ചാടി റബ്ബർത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് സംഘം എത്തുന്പോൾ വീടിന്റെ രണ്ടാം നിലയിൽ വാറ്റ് നടക്കുകയായിരുന്നു. സെക്കന്റ് ഹാൻഡ് വാഹന കച്ചവടം നടത്തുന്ന പ്രതി ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചാരായക്കച്ചവടം കൊഴുപ്പിച്ചിരുന്നത്. ലിറ്ററിന് 2,000 മുതൽ 2,500 രൂപയ്ക്കു വരെയാണ് ചാരായം വിറ്റിരുന്നത്.
വീട്ടിൽ നിന്നും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപയും കണ്ടെടുത്തു.ലോക്ഡൗണ്‍ കാലയളവിലെ വ്യാപാരത്തിനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത 20 ലിറ്റർ ചാരായം.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ആർ.സുൽഫിക്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.നന്ദ്യാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, എം.ജി. അഭിലാഷ്, കെ.എസ്.നിമേഷ്, ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.