തലയോലപ്പറന്പ്: വീടിനുള്ളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് ഒന്നരലക്ഷം രൂപയുടെ കഞ്ചാവും 35 ലീറ്റർ വാറ്റുചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും. ഒളിവിൽ പോയ പ്രതി ഉടൻ പിടിയിലാകും.
വൈക്കം വെള്ളൂർ ഇറുന്പയം കല്ലുവേലിൽ അനിലിന്റെ വീട്ടിൽനിന്നാണു വൈക്കം എക്സൈസ് കഞ്ചാവും ചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. വീടിനുള്ളിൽ ചാക്കിൽകെട്ടി 35 പായ്ക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
വീടിനോട് ചേർന്നുള്ള ഷെഡിലാണ് ചാരായവും നിരോധിത പുകയില ഉല്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.നാളുകളായി വീട്ടിലുള്ളവർ പോലുമറിയാതെ അനിൽ കഞ്ചാവ് വില്പന നടത്തി വരികയായിരുന്നെന്നാണ് എക്സൈസിന്റെ നിഗമനം.
പ്രതിയുടെ ഒളിവിടത്തെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രതീഷ്കുമാർ, ഇ.എ. തൻസിർ, എസ്. ശ്യാംകുമാർ, എൻ.എസ്. സനൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.