ഏതു പ്രായത്തിലും വാതരോഗങ്ങള്‍ ബാധിക്കാമെങ്കിലും മധ്യവയസ് പിന്നിടുമ്പോഴാണ് ഈ രോഗം കൂടുതല്‍ മനുഷ്യരെ ബാധിക്കുന്നത്. വാതരോഗികള്‍ മഴക്കാലത്ത് ജാഗ്രതയുള്ളവരായിരിക്കണം. കാരണം, മഴക്കാലത്ത് വാതരോഗ ഉപദ്രവങ്ങള്‍ കൂടുതലായി അനുഭവപ്പെടാം.
വാതകാരണങ്ങൾ
സാത്വികമല്ലാത്ത ആഹാരം (എരിവും പുളിയും ഉപ്പും കൂടിയത്), കഠിനാധ്വാനം, ധാതുക്ഷയം, മലമൂത്ര വേഗങ്ങളെ തടുക്കല്‍, ഉറക്കമൊഴിക്കല്‍, അമിതമായ രക്തസ്രാവം, അതീവ ദുഃഖം അനുഭവിക്കുക, ആഘാതമേല്‍ക്കുക ഇവയൊക്കെ കാരണമാണ് വാതം കോപിച്ച് രോഗമാകുന്നത്.
രോഗലക്ഷണങ്ങൾ
രോഗം ബാധിച്ച ശരീരാവയവങ്ങള്‍ക്ക് ശോഷം, തരിപ്പ്, മരവിപ്പ്, ചലനരാഹിത്യം, പലതരം വേദനകള്‍, തന്മൂലമുണ്ടാകുന്ന ഉറക്കക്കുറവ്, മലമൂത്രസംഗം എന്നിവ രോഗലക്ഷണങ്ങളാണ്.
വാതം വിവിധതരം
ശരീരത്തിന്റെ ഒരു വശം തളരുന്ന ‘പക്ഷവാതവും’ രണ്ടു വശവും തളരുന്ന ‘സര്‍വാംഗ വാതവും’ ഗുരുതരമാണ്. കൈകള്‍ പൊക്കാനും ചലിപ്പിക്കാനുമാകാത്ത ‘അപ – ബാഹു’, കാലുകളെ ബാധിക്കുന്ന ‘ഗൃധ്രസി’, തുടകളെ ബാധിക്കുന്ന ‘ഊരുസ്തംഭം’ ഇവയൊക്കെ വാതം കോപിച്ച് ഉണ്ടാകുന്ന രോഗാവസ്ഥകളാണ്.
ചികിത്സ
രണ്ടു വിധം -ഒന്ന് ‘ശമന’ ചികിത്സ. രണ്ട് ‘ശോധന’ ചികിത്സ. ഉത്തമം ശോധചികിത്സ. ഉചിതമായ ഔഷധം വിഹിത മാത്രയില്‍ രോഗശാന്തി കാണുംവരെ സേവിക്കുന്നത് ശമനം. പക്ഷേ,മഴ – തണുപ്പ് എന്നീ കാലാവസ്ഥയിലും ശരീരം ക്ഷീണിക്കുമ്പോഴും രോഗം വീണ്ടും വരാം.
രോഗഹേതുവായ ദോഷം ശോധന ചെയ്തു പുറത്തേക്ക് കളയുന്ന ശോധന ചികിത്സ ഉത്തമം. കാരണം രോഗം വീണ്ടും വരികയില്ല.
വാതചികിത്സാതത്വം
വാതചികിത്സാതത്വം സ്നേഹ – സ്വേദ – സംശോധനം മൃദു എന്നാണ്. ഔഷധീകരിച്ച നെയ്യ്, എണ്ണ മുതലായവ അകത്തും പുറത്തും ഉപയോഗിക്കുന്നത് സ്നേഹനം. പിഴിച്ചില്‍, ഞവരക്കിഴി, ധാര, ഇലക്കിഴി മുതലായ പാത്തി ചികിത്സകള്‍ ‘സ്വേദ’ ക്രിയകളാണ്.വമനം (ഛര്‍ദിക്കല്‍), വിരേചനം – വയറിളക്കല്‍ – വസ്തി (എനിമ) ഇവ ശോധന ക്രിയകള്‍. ഈ ചികിത്സാ ക്രമങ്ങള്‍ ആചരിക്കുമ്പോള്‍ രോഗഹേതുവായ ദോഷം പുറത്തു പോകുന്നതുകൊണ്ട് രോഗത്തിന് പുനരുത്ഭവം ഉണ്ടാകില്ല.
ഔഷധങ്ങള്‍
ഏത് വാതരോഗത്തിനും ക്ഷീരബല – ധന്വന്തരം – സഹചരാദി ഇത്യാദി തൈലങ്ങള്‍ അകത്തും പുറത്തും ഉപയോഗിക്കാം. ആവര്‍ത്തിച്ചതും മൃദുപാകത്തിലുള്ളതുമാണ് കഴിക്കുന്നത്. പുറമേയ്ക്ക് – ധന്വന്തരം – കർപ്പാസാസ്ഥ്യാദി – മഹാ മാഷ തൈലം- നാരായണ തൈലങ്ങള്‍ ഇവ പുരട്ടുവാനായി പഥ്യമാണ്.
ശ്രേഷ്ഠമായ ധന്വന്തരം തൈലംകൊണ്ട് തേച്ചുകുളി ശീലമാക്കുന്നത് വാതരോഗങ്ങള്‍ വരാതിരിക്കാനും വന്നാല്‍ അവ മാറുന്നതിനും ഉത്തമം. കുറുന്തോട്ടി – വെളുത്തുള്ളി ഇവ ഓരോന്നും പാല്കഷായമായി ശീലിക്കുന്നത് വാതത്തിനും ഹൃദയ രോഗങ്ങള്‍ക്കും ശമനമാണ്. ഉറക്കമൊഴിക്കല്‍, പട്ടിണി, ഏറെ അധ്വാനം, ചിന്ത, തണുപ്പ്, കാറ്റ് ഇവ രോഗം വരാതിരിക്കാന്‍ വര്‍ജിക്കണം.
ഡോ. നിർമല നായർ
ഇന്ത്യൻ ഡ്രഗ് ഹൗസ്
രാജീവ് ഗാന്ധി റോഡ്
കുന്നംകുളം പി.ഒ,തൃശൂർ
ഫോൺ 9446145705