റാന്നി: താലൂക്കിലെ 52 റേഷൻ വ്യാപാരികളിൽ നിന്നായി സപ്ലൈകോയിൽ അടയ്ക്കുന്നതിനു സമാഹരിച്ച 26 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. വാതിൽപ്പടി വിതരണത്തിന്റെ കരാറുകാരനും സഹായിക്കുമെതിരെ റേഷൻ വ്യാപാരികൾ വിജിലൻസിൽ പരാതി നൽകി.സപ്ലൈകോയിൽ അടയ്ക്കുന്നതിനായി റേഷൻ വ്യാപാരികളിൽ നിന്നു സമാഹരിച്ച 26 ലക്ഷം രൂപയാണ് നഷ്ടമായത്. സപ്ലൈകോയുടെ തടിയൂർ ഗോഡൗണിൽ നിന്നാണ് താലൂക്കിലെ റേഷൻ വ്യാപാരികൾ ധാന്യമെടുക്കുന്നത്.
വാതിൽപ്പടി റേഷൻ വിതരണം ആരംഭിച്ച് ആദ്യ രണ്ടു മാസങ്ങളിൽ വ്യാപാരികൾ ഫെഡറൽബാങ്കിന്റെ തടിയൂർ ശാഖയിൽ പണം നേരിട്ട് അടയ്ക്കുകയായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ വാതിൽപ്പടി റേഷൻവിതരണം നടത്തുന്ന കരാറുകാരന്റെ ഇടനിലക്കാരൻ ഇല്യാസ് എന്നയാൾ പണം വാങ്ങി അടയ്ക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. തുടക്കത്തിൽ കൃത്യമായി പണമടച്ച് വ്യാപാരികളുടെ വിശ്വാസമാർജ്ജിച്ചു.
പിന്നീടാണ് വ്യാപകമായ തിരിമറി നടത്തിയത്. ചെല്ലാനിൽ ഒരു തുകയും വ്യാപാരികൾക്കു നൽകുന്ന രസീതിൽ തിരുത്തലുകളും വരുത്തിയാണ് കബളിപ്പിക്കൽ നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് വ്യാപാരികളോ ബാങ്ക് അധികൃതരോ ശ്രദ്ധിച്ചില്ല. പണം നഷ്ടമായതറിഞ്ഞു നടത്തിയ അന്വേഷണത്തിൽ ഇല്യാസ് നടത്തിയ തിരിമറി വെളിച്ചത്താകുകയായിരുന്നു. 70,000 രൂപ മുതൽ 1.20 ലക്ഷം രൂപവരെ പലർക്കും നഷ്ടമായി. രൂപയുമായി ഇല്യാസ് മുങ്ങിയെന്നാണ് പരാതി.
വ്യാപാരികളുടെ പരാതിയേ തുടർന്ന് പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് സംഘത്തിനും തട്ടിപ്പ് ബോധ്യപ്പെട്ടു.
താലൂക്കിലെ 52 റേഷൻ വ്യാപാരികളുടെ 26 ലക്ഷം രൂപ ചെല്ലാൻ തിരുത്തി തട്ടിയെടുത്ത സപ്ലൈകോയിലെ കരാറുകാരനും ഇടനിലക്കാരനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ റാന്നിയിൽ സമര പ്രഖ്യാപന കണ്വൻഷൻ നടത്തി.
സംസ്ഥാന വൈസ്പ്രസിഡന്റ് ജോണ്സണ് വിളവിനാൽ ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും52 വ്യാപാരികളുടെ പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ കാണുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.