വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിതയെത്തുന്നു. ഗവർണറേറ്റിന്റെ പ്രസിഡന്റായി സിസ്റ്റർ റഫയെല്ല പെത്രീനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കർദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുന്ന ഒഴിവിൽ മാർച്ച് മാസം മുതലായിരിക്കും നിയമനം. വത്തിക്കാനിൽ ഭരണകേന്ദ്രങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമർപ്പിതർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ മാർപാപ്പ നിയമിച്ചിരുന്നു.
2021 മുതൽ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു 56കാരിയായ സിസ്റ്റർ പെത്രീനി. ഇതോടൊപ്പം വത്തിക്കാൻ മ്യൂസിയങ്ങൾ, പോസ്റ്റ് ഓഫീസ്, പോലീസ് എന്നിവയുടെ ചുമതലയും വഹിച്ചു.
റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യൽ സയൻസിൽ ഡോക്ടറേറ്റും അമേരിക്കയിലെ കണക്ടികട്ട് ഹാർട്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബാർനെ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് ഓർഗനൈസേഷണൽ ബിഹേവിയറിൽ മാസ്റ്റേഴ്സ് ബിരുദവുമുള്ള സിസ്റ്റർ പെത്രീനി നിലവിൽ സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി, ഇക്കണോമിക്സ് അധ്യാപികകൂടിയാണ്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ യൂക്കറിസ്റ്റ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ റഫയെല്ല പെത്രീനി റോം സ്വദേശിനിയാണ്.