പത്തനംതിട്ട: ഇലവുംതിട്ടയില്‍ പോലീസും എക്സൈസും ചേര്‍ന്നു നടത്തിയ സംയുക്ത റെയ്ഡില്‍ വന്‍തോതില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.
മെഴുവേലി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ ആളക്കോട് കുറിമുട്ടത്ത് കനാല്‍ പുറമ്പോക്കിനോടു ചേര്‍ന്നായിരുന്നു ചാരായം വാറ്റ് നടന്നുവന്നിരുന്നത്.
പോലീസും എക്സൈസും എത്തുമ്പോള്‍ സ്ഥലത്താരും ഉണ്ടായിരുന്നില്ല. വന്‍തോതില്‍ വാറ്റു നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ബാരലുകളില്‍ കലക്കിയിട്ട നിലയിലായിരുന്നു കോട. ഇവ പിന്നീടു നശിപ്പിച്ചു. ലോക്ഡൗണായതോടെ മദ്യലഭ്യത ഇല്ലാതായതു മുതല്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാറ്റ് കുടില്‍ വ്യവസായമായി, ലിറ്ററിന് 2000 രൂപ
കോന്നി: ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും കേന്ദ്രീകരിച്ച് മലയോര ഗ്രാമങ്ങളില്‍ വാറ്റ് കുടില്‍ വ്യവസായമായി വളര്‍ന്നു. ലോക്ഡൗണ്‍കാലത്തെ കച്ചവടം ലക്ഷ്യമാക്കിയുള്ള വാറ്റിന് വന്‍ ഡിമാന്ഡായി.
കോട കലക്കിയിട്ടശേഷം ഇതു വാറ്റിയെടുക്കുന്ന സംവിധാനങ്ങള്‍ പല വീടുകള്‍ കേന്ദ്രീകരിച്ചും സുരക്ഷിതമായി നടക്കുന്നു. കുക്കറുകള്‍ ഉപയോഗിച്ചുള്ള വാറ്റാണ് വീടുകളില്‍ നടക്കുന്നത്.
കോന്നി പൊന്തനാംക്കുഴി, വട്ടക്കാവ്, അതുമ്പുകുളം, തണ്ണിത്തോട്, പയ്യനാമണ്‍, അരുവാപ്പുലം പ്രദേശങ്ങളില്‍ ഇത്തരം വാറ്റു കേന്ദ്രങ്ങള്‍ സജീവമാണ്.
മുന്‍ പരിചയമില്ലാത്ത പലരും യു ട്യൂബ് സഹായത്തോടെയാണ് വാറ്റ് നടത്തുന്നത്. ഇത്തരക്കാരാണേറെയും കുക്കറും ട്യൂബും ഒക്കെ ഉപയോഗിക്കുന്നത്.
വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് 2000 രൂപവരെ ലഭിക്കുമെന്നായതോടെ പലര്‍ക്കും ഇതൊരു രഹസ്യവരുമാനമായി. ലോക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായ പലരും രക്ഷപെടാനുള്ള മാര്‍ഗമായി വാറ്റിനെ കണ്ടെത്തിക്കഴിഞ്ഞു.
റെയ്ഡുകളും പരിശോധനകളും നടക്കുന്നുണ്ടെങ്കിലും സംശയം തോന്നാത്ത രീതിയിലുള്ള വാറ്റാണ് പലയിടത്തും നടന്നുവരുന്നത്.
ലോക്ഡൗണിലെ ആദ്യഘട്ടത്തില്‍ എക്സൈസ് പരിശോധനകള്‍ കുറവായിരുന്നു. ഇക്കാലയളവിലാണ് കോട വ്യാപകമായി കലക്കിയിട്ടത്. ഇതുപയോഗിച്ചുള്ള വാറ്റാണ് ഇപ്പോള്‍ നടന്നുവരുന്നത്.
വാറ്റിനു പുറമേ പല കേന്ദ്രങ്ങളിലും ഇതര ലഹരി വില്പനയും നടക്കുന്നുണ്ട്. കഞ്ചാവും മറ്റ് മയക്കുമരുന്ന് സാധനങ്ങളും വില്പനയ്ക്കുണ്ട്.
മദ്യലഭ്യത കുറഞ്ഞതോടെ പലരും മറ്റു ലഹരികളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഇതിനും വിപണി വര്‍ധിച്ചു.