മുളങ്കുന്നത്തുകാവ്: ഐസ്ബ്ലോക്കുകൾ ഉപയോഗിച്ച് പുതിയ രീതിയിൽ ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയിൽ. തിരൂർ ആലുംകുന്ന് വേളശേരി വീട്ടിൽ ഷാജിയാണ് പിടിയിലായത്.
തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ആളൊഴിഞ്ഞ റബർതോട്ടത്തിനരികെ കുറ്റിക്കാടുകൾക്കിടയിലായിരുന്നു ചാരായം വാറ്റ്. ഇവിടെ നിന്ന് 22.400 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി.
ചാരായം വാറ്റുന്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്. കോട്ടയത്തു ടൈൽസ് വർക്കുകൾ ചെയ്തുകൊണ്ടിരുന്ന പ്രതി അവിടെവച്ചാണ് ഈ രീതി പഠിച്ചതെന്നു പറയുന്നു.
പ്രിവന്റിവ് ഓഫീസർമാരായ ജീൻ സൈമണ്‍, ടി.എസ്. സുരേഷ് കുമാർ, സി.എ. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി. രാജേഷ്, ഡിക്സണ്‍, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. സെൽവി, ടി.സി. അനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.