മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടന്പലം മേഖല സ്ഥിരം അപകടമേഖല ആകുന്നതായി പരാതി. ദേശീയ പാത വികസനത്തിന് ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്നത് കാരണമാണ് ഈ മേഖല അപകടമേഖല ആവുന്നത്.
വട്ടന്പലം ജംഗ്ഷനിലും കുമരംപുത്തൂർ ഇടയിലുള്ള ഭാഗത്തെ വലിയ വളവാണ് അപകടമേഖല ആകുന്നത്. ഈ ഭാഗത്ത് ദേശീയപാത വികസനം നിർത്തിയിരിക്കുകയാണ്. ഇവിടെ അഞ്ച് അടിയോളം ഉയരത്തിലുള്ള കുന്ന് അണ് സ്ഥിതിചെയ്യുന്നത്.
എതിരെ വരുന്ന വാഹനങ്ങളെ കാണുവാൻ പോലും കഴിയാത്ത രീതിയിലാണ് ഇവിടെ കുന്ന് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു പ്രദേശത്ത് സുഖമായ സഞ്ചാരസ്വാതന്ത്ര്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർക്കെല്ലാം റോഡിലെ ഈ കുന്ന് ഭീഷണിയാവുകയാണ്. കഴിഞ്ഞ നാല് മാസത്തോളമായി കരാർ കന്പനി ഈ അപകടമേഖല കണ്ടില്ലെന്ന് നടിക്കുകയാണ്.
അധികൃതർ ഇടപെട്ട് ഈ മേഖലയിലെ കുന്നിടിച്ച് നിരത്തുകയും റോഡ് വീതി കൂട്ടുകയും ചെയ്യണമെന്ന് ആവശ്യമാണ് ഉയർന്നത്. മറ്റ് ഭാഗങ്ങളിലും റോഡ് നടക്കുന്നുണ്ടെങ്കിലും വട്ടന്പലം മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
റോഡിൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഭീഷണിയാവുകയാണ്.വലിയ അപകടങ്ങൾക്ക് കാരണമാകുന്നതിന് മുന്പ് തന്നെ ഈ കുന്ന് നികത്തണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് സ്കൂട്ടർ യാത്രക്കാരിയുടെ മരണപ്പെട്ടിരുന്നു. ഈ വളവ് ഉടനെ നിവർത്തണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.