എം. സുരേഷ്ബാബു
തിരുവനന്തപുരം: കേരള മനസാക്ഷിയെ പിടിച്ച് കുലുക്കിയ വട്ടപ്പാറയിലെ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച പ്രതി ജയിൽ ചാടി രക്ഷപ്പെട്ടിട്ട് പതിനാല് മാസം പിന്നിട്ടു. അന്വേഷണം എങ്ങും എത്തിയില്ല.
കാട്ടാക്കട വീരണകാവ് ക്രൈസ്റ്റ് ഭവനിൽ രാജേഷ്കുമാറാണ് പതിനാല് മാസം മുൻപ് രക്ഷപ്പെട്ടത്. 2020 ഡിസംബർ 23നാണ് രാജേഷ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
ജയിൽ വളപ്പിൽ പശുവിനെ മേയ്ക്കാൻ പോയ ഇയാൾ ജയിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന ഇയാളെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
ആദ്യം നൽകിയത് വധശിക്ഷ
പ്രതിക്ക് തിരുവനന്തപുരം സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസ് എന്ന നിലയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
പരോൾ പോലും നൽകരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി വധശിക്ഷയിൽ നിന്നും ഇളവ് നേടി. വധശിക്ഷ കോടതി ഇരട്ട ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
രാജേഷിനോടൊപ്പം അന്ന് ജയിലിൽ നിന്നും രക്ഷപ്പെട്ട മറ്റൊരു കേസിലെ പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ രാജേഷിനെ മാത്രം പിടികൂടാൻ ജയിൽ അധികൃതർക്കും പോലീസിനും ഇതുവരെയും സാധിച്ചിട്ടില്ല. തുടർന്ന് അന്വേഷണം ഇപ്പോൾ നിലച്ച മട്ടാണ്.
പ്രത്യേക അന്വേഷണ സംഘം ഇല്ല
പ്രതി ജയിലിൽ നിന്നും രക്ഷപ്പെട്ടതിന് നെയ്യാർഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാത്തതിനാൽ അന്വേഷണം നിലയ്ക്കുകയായിരുന്നു.
ജയിലിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പേരൂർക്കടയിൽ വിനീത എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയപ്പോഴാണ് അയാൾ നടത്തിയ കൂടുതൽ കൊലപാതകങ്ങളുടെ ചുരുൾ അഴിഞ്ഞത്.
രാജേഷിനെ പോലെയുള്ള പ്രതികൾ നിയമത്തെയും നീതിന്യായ സംവിധാനങ്ങളെയും കബളിപ്പിച്ച് രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്നത് സ്ത്രീ സമൂഹത്തിന് ഭീഷണിയായി മാറുമെന്നാണ് ക്രിമിനോളജി രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്.
2012 മാർച്ച് ആറിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വട്ടപ്പാറ സ്വദേശിനിയായ പതിനഞ്ചുകാരി എസ്എസ്എൽസി പരീക്ഷയ്ക്കായി വീട്ടിലിരുന്ന് പഠിച്ച് കൊണ്ടരിക്കവെയാണ് രാജേഷ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ടത്.
വട്ടം ചുറ്റിച്ച കേസ്
പോലീസിനെ ഏറെ വട്ടം ചുറ്റിച്ച കേസായിരുന്നു. സംഭവം നടന്ന കാലയളവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരുന്ന ബി.കെ. പ്രശാന്തന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സിഐ കെ.ആർ. ബിജു, കിളിമാനൂർ സിഐ അശോക് കുമാർ, വട്ടപ്പാറ എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത് രാജേഷാണെന്ന് കണ്ടെ ത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് വട്ടപ്പാറയിൽ ഓട്ടം വന്നപ്പോഴാണ് കൊലപാതകം നടത്തിയത്.റോഡിലെ കുഴിയിൽ ടയർ താഴ്ന്നതിനെ തുടർന്ന് സ്ക്രൂഡ്രൈവർ വാങ്ങാനെന്ന വ്യാജേനയാണ് റോഡിന് സമീപത്തെ പെണ്‍കുട്ടിയുടെ വീട്ടിൽ പ്രതി ചെന്നത്. ആ സമയം പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇത് മനസിലാക്കിയാണ് പ്രതി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപാതകം നടത്തിയത്. രാജേഷിന്റെ ഓട്ടാറിക്ഷയിൽ എഴുതിയിരുന്ന രാജമ്മ എന്ന പേരും ഓട്ടോയിൽ വരച്ചിരുന്ന ചിത്രവും മനസിലാക്കി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തി ചേരാൻ പോലീസിനെ സഹായിച്ചത്.
പ്രതിയുടെ രേഖാചിത്രം ഉൾപ്പെടെ പോലീസ് പുറത്ത് വിട്ടിരുന്നതും അന്വേഷണത്തിന് സഹായിച്ചിരുന്നു. ഡൽഹിയിലെ നിർഭയ കേസിന് മുൻപ് നടന്ന ക്രൂരമായ കൊലപാതകമായിരുന്നു. പത്ത് മാസത്തിനകം തന്നെ വിചാരണ പൂർത്തിയാക്കി പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. പ്രതിക്കെതിരെ ജനകീയ പ്രതിഷേധവും ഉയർന്നിരുന്നു.