തിരുവനന്തപുരം: വട്ടപ്പാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ സ്വദേശിനി സുശീല (65) എന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ യുവാക്കളെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്.
മോഷണ ശ്രമം ചെറുത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുൻപായിരുന്നു സുശീലയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പോലീസിന് ബോധ്യമായത്.
തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകം നടത്തിയ വിവരം പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.