ടി.പി. സന്തോഷ് കുമാർ
തൊടുപുഴ: പതിറ്റാണ്ടുകളായി കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന വട്ടവടയിൽ ഇപ്പോഴും ജാതിയുടെ പേരിൽ മനുഷ്യരെ രണ്ടു തട്ടിലാക്കുന്നതിന്റെ ഉദാഹരണമാണ് തലമുട്ടി വെട്ടുന്നതിനെ സംബന്ധിച്ച് ഉയർന്ന വിവാദം.
മുടി വെട്ടുന്നതിന് അയിത്തം കല്പിച്ച സംഭവത്തിൽ പഞ്ചായത്തും പട്ടികജാതി സംഘടനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതു വലിയ സംഘർഷത്തിലേക്കു നീങ്ങിയേനെ. കേരളത്തിൽ മറ്റൊരിടത്തും ഇത്രയും രൂക്ഷമായ പരസ്യമായ ജാതിവിവേചനം ഇല്ല.
തമിഴ്നാട്ടിൽ നിലനിൽക്കുന്ന കടുത്ത ജാതിവിവേചന രീതിയാണ് വട്ടവടയിൽ പിന്തുടരുന്നത്. കാരണം വട്ടവട പഞ്ചായത്തിൽ കഴിയുന്നവരിൽ 99.9 ശതമാനം പേരും തമിഴ് വംശജരാണ്. അഞ്ചു മലയാളി കുടുംബങ്ങൾ മാത്രമാണ് ഇവിടുള്ളത്.
ജാതികൾ
ഒബിസി വിഭാഗത്തിൽപ്പെട്ട ചെട്ടിയാർ, മണ്ണാടിയാർ, തേവർ, വിശ്വകർമജർ എന്നിവരാണ് വട്ടവടയിലെ മേൽത്തട്ടുകാർ. പട്ടികവിഭാഗത്തിൽപ്പെടുന്ന ചക്ലിയർ, പള്ളർ, പറയർ എന്നി വിഭാഗങ്ങളിലുള്ളവരെയാണ് താഴ്ന്ന ജാതിക്കാരായി കണക്കാക്കുന്നത്. ചക്ലിയരാണ് ഏറ്റവും കൂടുതൽ ജാതിവിവേചനത്തിന്റെ പേരിലുള്ള കെടുതികൾ നേരിടുന്നത്.
ചായ ഗ്ലാസ്
വട്ടവടയിലെ കാഴ്ചകൾ ആരെയും ഞെട്ടിക്കുന്നതായിരുന്നു. നേരത്തെ വട്ടവടയിൽ താഴ്ന്ന ജാതിക്കാർക്കു കടകളിൽ ചായ നൽകാനായി വേറെ ഗ്ലാസ് കരുതിയിരുന്നു.
ചിരട്ടയിലായിരുന്നു ഇവർക്കു മറ്റു വീടുകളിൽനിന്നു ചായ കൊടുത്തിരുന്നത് . കൃഷിപ്പണി ചെയ്യാൻ അധികാരമില്ല. മേൽജാതിക്കാരുടെ വീടും പരിസരവും വൃത്തിയാക്കലും തോട്ടിപ്പണിയുമായിരുന്നു പ്രധാന തൊഴിൽ.
വീടുകളിൽ കയറ്റാറില്ല. ബാർബ ർഷോപ്പ് പോലുള്ള പൊതു ഇടങ്ങളിലും പ്രവേശനമില്ല. കയറുന്നവർ കടുത്ത ശിക്ഷാ നടപടിക്കു വിധേയരാകും.
തണ്ടൽക്കാരൻ!
മേൽജാതിക്കാരന്റെ ആജ്ഞ ശിരസാ വഹിക്കാനായി താഴ്ന്ന ജാതിക്കാർക്കിടയിൽ തണ്ടൽക്കാരനുണ്ട്. കൈയിൽ വടിയുമായി പ്രത്യേക വേഷവും താഴ്ന്ന ജാതിക്കാരുടെ പ്രതിനിധിയായ തണ്ടൽക്കാരനുണ്ട്.
രാവിലെ മുതൽ തന്നെ മേൽജാതിക്കാരെ പ്രായഭേദമെന്യേ ബഹുമാനിക്കലാണ് തണ്ടൽക്കാരിന്റെ ജോലി. എല്ലായിടങ്ങളിലും പോയി മേൽജാതിക്കാരെ സ്വാമിയെന്നും യജമാനനെന്നും മുതലാളിയെന്നും വിളിച്ചു തൊഴണം.
എല്ലാ ദിവസവും രാവിലെ ഒൻപതിനു മുന്പ് തണ്ടൽക്കാരൻ പതിവു തെറ്റിക്കാതെ ആചാരം തുടരണം.
പഞ്ചാ.മെംബർ നിലത്ത്
2005ൽ പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നതിനു ശേഷം ചേർന്ന കമ്മിറ്റിയിൽ വനിതയായ പഞ്ചായത്ത് മെംബർ നിലത്തിരുന്നു പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത ചരിത്രവും വട്ടവടയ്ക്കുണ്ട്.
ചക്ലിയ വിഭാഗത്തിൽ നിന്നു മെംബറായി തെരഞ്ഞെടുക്കപ്പെട്ട വനിത പഞ്ചായത്ത് അംഗങ്ങൾക്കായുള്ള കസേരയിൽ ഇരിക്കാൻ കൂട്ടാക്കിയില്ല. മറ്റ് 13 അംഗങ്ങളും ഉയർന്ന ജാതിയിൽപെട്ടവരായതിനാൽ ഇവർക്കു മുന്നിൽ കസേരയിൽ ഇരിക്കാൻ മെംബർ ധൈര്യപ്പെട്ടില്ല.
ഒടുവിൽ ഇപ്പോഴത്തെ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാജരാജ് ഉൾപ്പെടെയുള്ള മെംബർമാർ ഏറെ നിർബന്ധിച്ചാണ് വനിത അംഗത്തെ കസേരയിൽ ഇരുത്തിയത്.
പറഞ്ഞിട്ടും പറഞ്ഞിട്ടും
ഇപ്പോഴും നിലനിൽക്കുന്ന ജാതിവേർതിരിവ് വട്ടവടയിൽനിന്നു തുടച്ചുമാറ്റാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് രാജരാജ് പറയുന്നു.
കുടുംബശ്രീ, ജെഎൽജി ഗ്രൂപ്പുകൾ വഴിയും മറ്റും ബോധവത്ക്കരണം നടന്നു വരുന്നുണ്ടെങ്കിലും ഇപ്പോഴും ജാതി വിവേചനം തുടരുകയാണ്. ഇപ്പോൾ പുതിയ തലമുറയിൽ നല്ലൊരു ശതമാനം പേരും പുരോഗമന ചിന്താഗതിക്കാരാണെങ്കിലും ജാതി പറഞ്ഞുള്ള വേർതിരിവ് പല കാര്യങ്ങളിലും വട്ടവടയിൽ ഇപ്പോഴും മാറാതെ നിൽക്കുന്നു എന്നതാണ് വസ്തുത.