മൂന്നാർ: വട്ടവടയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയെതുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടറും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമായ പ്രേം കൃഷ്ണന്റെ അനുമതിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
വട്ടവട സ്വദേശികളും നാഗമന്നാടിയാർ തിരുമൂർത്തി – വിശ്വലക്ഷ്മി ദന്പതികളുടെ 27 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് വട്ടവട പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. കഴിഞ്ഞ 16-ന് മരിച്ച കുട്ടിയെ അന്നുതന്നെ ബന്ധുക്കളുടെ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു. പാലൂട്ടുന്നതിനിടെ പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്.
കുട്ടിയുടെ മരണം വട്ടവട സർക്കാർ കേന്ദ്രത്തിലെ ഡോക്ടർ സ്ഥിരീകരിക്കുകയുംചെയ്തു. ഇതോടെ ബന്ധുക്കൾ ഉടൻതന്നെ ശ്മശാനത്തിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നുകാട്ടി പിതാവ് ദേവികുളം പോലീസിൽ പരാതി നൽകുകയായിരുന്നു. തിരുമൂർത്തി ദീർഘനാളായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു.
പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തും. ഡിവൈഎസ്പി എം. രമേഷ്കുമാർ, എൽഎ തഹസിൽദാർ ഉമാശങ്കർ, ദേവികുളം എസ്ഐ ദിലീപ് കുമാർ, സയന്റിഫിക് ഓഫീസർ ജോമോൻ, പഞ്ചായത്ത് പ്രസിഡന്റ് രാമരാജ്, വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ആൻ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
മൃതദേഹം വീണ്ടും വട്ടവടയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു നാട്ടുകാർ
മൂന്നാർ: ഒരിക്കൽ അടക്കംചെയ്ത മൃതദേഹം വീണ്ടും സംസ്കരിക്കുന്നത് ആചാരലംഘനമാണെന്നും പരിശോധനകൾക്കായി പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം വീണ്ടും വട്ടവടയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ.
പിതാവിന്റെ പരാതിയെതുടർന്ന് വട്ടവടയിലെ ആദിവാസി വിഭാഗത്തിൽ മന്നാടിയാർ കുടുംബത്തിലെ അംഗമാണ് മരണപ്പെട്ട കുട്ടി. മന്നാടിയാർ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഒരിക്കൽ ആചാരപ്രകാരം മറവുചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ലെന്ന് മൂപ്പൻമാരും ഗോത്രത്തലവൻമാരും അറിയിച്ചു.
എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിയാൻ നിയമവ്യവസ്ഥകളോട് സഹകരിക്കുകയാണെന്നും ഇവർ പറഞ്ഞു. മൃതദേഹം വട്ടവടയ്ക്കു പുറത്ത് സംസ്കരിക്കുന്നതിൽ തെറ്റില്ലെന്നും നാട്ടുകാർ പറയുന്നു.