എം.പ്രേംകുമാർ
തിരുവനന്തപുരം : വൈകുന്നേരങ്ങളിൽ ഇടയ്ക്കു പെയ്യുന്ന മഴ രസംകൊല്ലിയാകുന്നുണ്ടെങ്കിലും വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ആവേശത്തെ തണുപ്പിക്കാനാകുന്നില്ല. എണ്ണയിട്ട യന്ത്രം പോലെയാണു പ്രവർത്തകർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തിനപ്പുറം ജാതിമത സമവാക്യങ്ങളാണു പലപ്പോഴും വിധി നിർണയിക്കുന്നത്.
വട്ടിയൂർക്കാവിലെ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പരിശോധിച്ചാൽ ഇക്കാര്യം ഏറെക്കുറെ വ്യക്തമാകുകയും ചെയ്യും. നേരത്തേ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളാണു പ്രധാന പ്രചരണവിഷയമായതെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. വോട്ടെടുപ്പു ദിവസം അടുക്കുന്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെയാണു യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണ രംഗത്തെ വജ്രായുധം.
പഴയ നോർത്തു മണ്ഡലത്തിന്റെ പരിണിത രൂപമാണു പുതിയ വട്ടിയൂർക്കാവ് മണ്ഡലം. പുതിയ മണ്ഡലമായതിനു ശേഷം നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. കെ.മുരളീധരനായിരുന്നു രണ്ടു തവണയും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹം ഏറെ പരിചിത മുഖമാണെങ്കിലും വട്ടിയൂർക്കാവിലെത്തുന്പോൾ ആശങ്കകളേറെയായിരുന്നു. കോണ്ഗ്രസ് പാർട്ടിയിൽ നിന്നു തന്നെ ഉണ്ടായ ശക്തമായ എതിർപ്പുകളെ അതിജീവിച്ചു 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിനു കെ.മുരളീധരൻ വട്ടിയൂർക്കാവിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
പഴയ കോണ്ഗ്രസുകാരനായ ചെറിയാൻ ഫിലിപ്പിനെയായിരുന്നു മുരളീധരനെ നേരിടാൻ ഇടതു സ്വതന്ത്രനായി ഇടതുമുന്നണി മത്സരിപ്പിച്ചത്. അഡ്വ. വി.വി.രാജേഷായിരുന്നു ബിജെപി സ്ഥാനാർഥി. കെ.മുരളീധരനു 56,531 വോട്ടും ചെറിയാൻ ഫിലിപ്പിനു 40,364 വോട്ടും വി.വി.രാജേഷിനു 13,494 വോട്ടുമാണു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
പിന്നീടു 2014ൽ നടന്ന ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ബിജെപി വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഒന്നാമതെത്തി. 43,589 വോട്ടുകളാണു സ്ഥാനാർഥിയായ ഒ.രാജഗോപാൽ നേടിയത്. യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ 40,663 വോട്ടുകൾ നേടിയപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ബെനറ്റ് ഏബ്രഹാം 27, 504 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായി ത്രികോണ മത്സരത്തിൽ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. സിപിഎമ്മിലെ ഡോ. ടി.എൻ.സീമയും ബിജെപിയിലെ കുമ്മനം രാജശേഖരനുമായിരുന്നു എതിരാളികൾ. മുരളീധരനു 51,322 വോട്ടും കുമ്മനം രാജശേഖരനു 43,700 വോട്ടും ലഭിച്ചപ്പോൾ 40,441 വോട്ടുകൾ ലഭിച്ച ടി.എൻ.സീമ മുന്നാമതായി .
ഇതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാർഥി സി.ദിവാകരൻ മൂന്നാം സ്ഥാനത്തേയ്ക്കു പോയി. ഇക്കുറി ശശിതരൂർ 53,545 വോട്ടുകൾ നേടി മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനു 50,709 വോട്ടുകളും ലഭിച്ചു. എൽഡിഎഫിലെ സി. ദിവാകരനാകട്ടെ 29,414 വോട്ടുകളോടെ ബഹുദൂരം പിന്നിലായിപ്പോയി.
കെ. മുരളീധരനു പകരക്കാരനെ കണ്ടെത്താൻ ഉപതെരഞ്ഞെടുപ്പു നടക്കുന്പോൾ യുഡിഎഫിനു മണ്ഡലം നിലനിർത്തുകയെന്നത് അഭിമാന പ്രശ്നമാണ്. എന്നാൽ കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഇടതുമുന്നണിക്കു മണ്ഡലം ബാലികേറാമലയല്ലെന്നു തെളിയിക്കാൻ കൂടിയുള്ള പോരാട്ടമാണ് ഈ ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരത്തെ മേയർ അഡ്വ. വി.കെ. പ്രശാന്തിനെ തന്നെ സിപിഎം സ്ഥാനാർഥിയാക്കിയതും ഈ ദൗത്യനിർവഹണത്തിനു തന്നെയാണ്. ശക്തമായ പ്രചരണമാണ് മണ്ഡലത്തിൽ പ്രശാന്തിനായി നടക്കുന്നത്. ഏതുതരത്തിലും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ ആസൂത്രണവും സിപിഎം നടത്തുന്നുണ്ട്.
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസവുമായാണു താമര വിരിയ്ക്കാനായി ബിജെപി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നു കരുതിയെങ്കിലും ഒടുവിൽ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് അഡ്വ: എസ്.സുരേഷ് സ്ഥാനാർഥിയാകുകയായിരുന്നു.
ആദ്യമൊക്കെ പ്രചരണരംഗത്ത് അലസത നിറഞ്ഞുനിന്നെങ്കിലും ഇപ്പോൾ മറ്റു മുന്നണികൾക്കൊപ്പം സുരേഷും സജീവമാണ്. കുമ്മനവും ഒ.രാജഗോപാലും സുരേഷിനായി പ്രചരണരംഗത്തുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ത്രികോണ മത്സര പ്രതീതിയിലായ വട്ടിയൂർക്കാവ് പ്രവചനാതീതമാകുകയാണ്.