പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മേലത്തുമേലെയില് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകുമാർ വെള്ളനാട്ടെ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ ഒന്നരവര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇയാളുടെ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബന്ധുക്കള്‍ ഇയാളെ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ കഴിഞ്ഞ് പുറത്തുവന്നശേഷവും ശ്രീകുമാര്‍ മദ്യപാനം തുടരുകയായിരുന്നു.
മേലത്തുമേലേക്ക് സമീപം ടി.സി 10/ 1308(1) എം.എം.ആര്.എ 41 കൃഷ്ണഭവനില്‍ രജനികൃഷ്ണ (ശാരിക 43) യാണ് ഇന്നലെ വൈകുന്നേരം 6.30ന് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ ഇവരുടെ പിതാവ് സി. കൃഷ്ണന് നായര്‍, മാതാവ് രമാദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുടുംബത്തില്‍ നിന്ന് തന്നെ അകറ്റിയതും വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അവഗണനയുമാണ് പ്രകോപനത്തിനു കാരണമെന്ന് ശ്രീകുമാർ പോലീസിനോട് പറഞ്ഞു. 15 വര്‍ഷത്തിനുമുമ്പാണ് രജനിയെ ശ്രീകുമാര്‍ വിവാഹം കഴിക്കുന്നത്. ആദ്യനാള്‍മുതല്‍ സ്വരച്ചേര്‍ച്ചയില്ലാതെ പോകുകയായിരുന്നുവെന്നാണ് രജനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്രീകുമാര്‍ മദ്യപാനം ശീലമാക്കിയതോടെ അതു കുടുംബത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.
ശ്രീകുമാറിന്റെ ആക്രമണത്തിൽ വയറിന് ആഴത്തില്‍ മുറിവേല്‍ക്കുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്ത കൃഷ്ണന് നായര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഇന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടനില തരണം ചെയ്ത രമാദേവി ആശുപത്രിയിലെ 14ാം വാര്‍ഡില്‍ ചികിത്സയിലുണ്ട്.
അതേസമയം രജനിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതി അവരുടെ വീട്ടില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതല്‍ രജനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. അങ്ങനെയാണ് വൈകുന്നേരം 5.30നോടടുത്ത് മേലത്തുമേലെയുള്ള വീട്ടില്‍ എത്തുന്നത്.
പേയാടുള്ള ഒരു മെഡിക്കല്‍സ്റ്റോറില്‍ ജോലിയുണ്ടായിരുന്ന രജനി അവിടെനിന്ന് എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. വീടിന്റെ ഗേറ്റ് കടന്ന് ശ്രീകുമാര്‍ എത്തിയപ്പോള്‍ത്തന്നെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രകോപിതനായ ശ്രീകുമാര്‍ മദ്യലഹരികൂടി ആയതോടെ കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് രജനിയെ കുത്തുകയായിരുന്നു.
കഴുത്തിലാണ് കുത്തിയത്. ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. രജനിയുടെ നിലവിളി കേട്ടതോടെ ഇവരുടെ പിതാവ് കൃഷ്ണന് നായരും മാതാവ് രമാദേവിയും മകളെ രക്ഷിക്കാന്‍ ഓടിയെത്തി. ശ്രീകുമാര്‍ ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതിനിടെ വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ പ്രതി ഗേറ്റുകടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പോലീസിന് കൈമാറുകയായിരുന്നു. പിടിവലിക്കിടെ ഇയാള്‍ക്കു മുറിവേറ്റു. വട്ടിയൂര്‍ക്കാവ് പോലീസിന്റെ കസ്റ്റഡിയിലുള്ള ശ്രീകുമാറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.