സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ചു കോണ്‍ഗ്രസിൽ ചർച്ച തുടങ്ങി. മണ്ഡലത്തിലെ എംഎൽഎയായിരുന്ന കെ.മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയിച്ചതിനെത്തുടർന്നാണു വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു നിരവധി പേരുകളാണു കോണ്‍ഗ്രസ് ക്യാന്പുകളിൽ നിന്നും ഉയർന്നു കേൾക്കുന്നത്.
ഇതിൽ വട്ടിയൂർക്കാവ് മണ്ഡലം നേരത്തേ നോർത്ത് മണ്ഡലമായിരുന്നപ്പോൾ നിയമസഭാംഗമായിരുന്ന കെ.മോഹൻകുമാറിന്റെ പേരിനാണ് ഇപ്പോൾ പ്രഥമ പരിഗണന. അദ്ദേഹം നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയാണ്. മികച്ച എംഎൽഎയായിരുന്നുവെന്ന വിളിപ്പേരും മണ്ഡലത്തിൽ മോഹൻകുമാറിനുണ്ട്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാവ് ശാസ്തമംഗലം മോഹന്റെ പേരും പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എൻഎസ്എസിന്റെ പിന്തുണയാണു ശാസ്തമംഗലം മോഹന്റെ പ്രതീക്ഷ.
പഴയ നോർത്ത് മണ്ഡലമാണു പിന്നീടു വട്ടിയൂർക്കാവ് മണ്ഡലമായത്്. ഒരു കാലത്തു സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായിരുന്നു തിരുവനന്തപുരം നോർത്ത്. സിപിഎം നേതാവ് എം.വിജയകുമാർ നിയമസഭാ സ്പീക്കറായതും പിന്നീടു മന്ത്രിയായതും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു. നോർത്ത് പീന്നീടു വട്ടിയൂർക്കാവ് മണ്ഡലമായപ്പോൾ സാക്ഷാൽ ലീഡർ കെ.കരുണാകരന്റെ മകൻ കെ.മുരളീധരനാണു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.
ഇടതുമുന്നണി മുരളീധരനെ നേരിടാൻ നിയോഗിച്ചതു കോണ്‍ഗ്രസിന്റെ പഴയ തീപ്പൊരി നേതാവായ ചെറിയാൻ ഫിലിപ്പിനെയായിരുന്നു. എന്നാൽ മികച്ച ഭൂരിപക്ഷത്തിൽ കെ.മുരളീധരൻ വിജയിച്ചു. ആ അഞ്ചു വർഷത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മണ്ഡലം ഒരിക്കൽ കൂടി നിലനിർത്താൻ കോണ്‍ഗ്രസിനു സഹായകമായി.
കടുത്ത മത്സരം നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ സംഘടനാ മുഖമായ കുമ്മനം രാജശേഖരനെയാണു മുരളീധരൻ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ഡോ: ടി.എൻ.സീമ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. പത്തു വർഷം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കെ.മുരളീധരന്റെ സ്ഥാനത്തേയ്ക്കാണു കോണ്‍ഗ്രസ് ഇപ്പോൾ പുതിയ സ്ഥാനാർഥിയെ തേടുന്നത്.
പാർട്ടിയ്ക്കു ജയിച്ചേ മതിയാകൂ. അതുകൊണ്ടാണു മുരളീധരനു തന്നെ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ സംഘടനാ ചുമതല കെപിസിസി നൽകിയിരിക്കുന്നത്. ശ്രദ്ധയൊന്നു പാളിയാൽ നേട്ടം ബിജെപിയ്ക്കാവുമെന്ന തിരിച്ചറിവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണു മികച്ച സ്ഥാനാർഥിയ്ക്കായുള്ള തിരച്ചിൽ കോണ്‍ഗ്രസിൽ ആരംഭിച്ചിരിക്കുന്നത്.
വട്ടിയൂർക്കാവ് സീറ്റ് ഐ ഗ്രൂപ്പിനായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും പ്രധാനമാണ്. കെ.മോഹൻകുമാറുമായി അടുത്ത ബന്ധമാണു രമേശിനുള്ളത്. അദ്ദേഹമാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മോഹൻകുമാറിനെ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന മനഷ്യാവകാശ കമ്മീഷനംഗമാക്കിയത്. എന്നാൽ കെ.മുരളീധരന്റെ അഭിപ്രായമാകും സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകുക. മോഹൻകുമാറിനു കോണ്‍ഗ്രസിൽ ശരിയുടെ ഭാഗത്തു നിൽക്കുന്ന നേതാവെന്ന പ്രതിച്ഛായയാണുള്ളത്.
മണ്ഡലത്തിലെ കോണ്‍ഗ്രസ് കമ്മിറ്റികൾക്കും മോഹൻകുമാറിനോടാണു താൽപര്യമെന്നാണു സൂചന. മോഹൻകുമാറിനെ പരിഗണിച്ചില്ലെങ്കിൽ പിന്നീടു സാധ്യതയുള്ളതു ശാസ്തമംഗലം മോഹനാണ്. എൻഎസ്എസ് നേതൃത്വവുമായുള്ള അടുത്ത ബന്ധമാണു മോഹനു സ്ഥാനാർഥിത്വത്തിൽ തുണയാകുന്നത്. നേരത്തേ അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മണ്ഡലത്തിൽ മോഹനൻ സുപരിചിതനുമാണ്.
എതായാലും മണ്ഡലം നിലനിർത്താൻ മികച്ച സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്ന വികാരമാണു കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ളത്. ഈ രണ്ടു പേരുമല്ലാതെ മറ്റു പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിൽ ഗ്രൂപ്പിനതീതമായ ചർച്ച തന്നെ കോണ്‍ഗ്രസിൽ ഉയർന്നുവരണം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മനസും അറിയേണ്ടതുണ്ട്. വി.എം.സുധീരൻ, പി.സി.വിഷ്ണുനാഥ്, പീതാംബരക്കുറുപ്പ് ഇവരുടെയും പേരുകൾ സ്ഥാനാർഥി പട്ടികയിലുണ്ട്.
ി