തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ നേതൃത്വത്തിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് എൻ. പീതാംബരക്കുറുപ്പ്. താനാണു രാജാവ് എന്ന തരത്തിലാണു പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും മണ്ഡലം മാർക്സിസ്റ്റ് പാർട്ടിക്ക് കോണ്‍ഗ്രസ് അടിയറവുവച്ചെന്നും കുറുപ്പ് കുറ്റപ്പെടുത്തി.
തനിക്ക് സീറ്റ് തരാത്തതിൽ ദുഃഖമില്ല. പക്ഷേ, വട്ടിയൂർക്കാവ് മണ്ഡലം കോണ്‍ഗ്രസ് മാർക്സിസ്റ്റ് പാർട്ടിക്ക് അടിയറവ് വച്ചു. എൻഎസ്എസിനെ പഴിചാരി തോൽവിയിൽനിന്ന് ഒഴിഞ്ഞുമാറാൻ കോണ്‍ഗ്രസിനാകില്ല. താനാണു രാജാവ് എന്ന തരത്തിലാണു പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നഷ്ടപ്പെടുത്തിയെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
കോണ്‍ഗ്രസ് ഒരാളെ എവിടെ വച്ച് ഒതുക്കുമെന്നു തനിക്കു നന്നായി അറിയാമെന്നും പാർട്ടിക്കുള്ളിൽ ചികിത്സ നടത്തേണ്ട സമയം അതിക്രമിച്ചെന്നും പീതാംബരക്കുറുപ്പ് തുറന്നടിച്ചു.
വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെയായിരുന്നു. എന്നാൽ പിന്നീട് മോഹൻകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു. എൽഡിഎഫിന്റെ വി.കെ. പ്രശാന്തിനോട് 14,465 വോട്ടുകൾക്കാണു വട്ടിയൂർക്കാവിൽ മോഹൻകുമാർ പരാജയപ്പെട്ടത്.