പേരൂർക്കട: വട്ടിയൂർക്കാവ് സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നു. മാമ്പഴക്കുന്ന് ചെറുപാലോട് ഭാഗത്ത് സിപിഎം പ്രവർത്തകന്റെ വീട് ആക്രമിക്കപ്പെട്ടു.
അയോധ്യ നഗർ ഭാഗത്ത് താമസിക്കുന്ന പാർട്ടി അംഗം യു. ശശിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. ശശിയുടെ വീടിനു നേരെ ഒരു സംഘം ആൾക്കാർ കല്ലെറിയുകയും വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്.
ആക്രമണത്തിൽ വീടിന്റെ ജനാല ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ബി.ജെ.പി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു.
വട്ടിയൂർക്കാവിൽ നിരോധനാജ്ഞ
പേരൂർക്കട: സംഘർഷ സാധ്യത നിലനിൽക്കുന്ന വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളിൽ സംഘംചേരൽ, പ്രകടനങ്ങൾ നടത്തൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവ പാടില്ല. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലെ 20 ഓളം പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ പോലീസ് ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ട്.
വട്ടിയൂർക്കാവ്, നെട്ടയം, മണികണ്ഠേശ്വരം, മണ്ണറക്കോണം, കാഞ്ഞിരംപാറ, തൊഴുവൻകോട്, കുണ്ടമൺഭാഗം, കുലശേഖരം തുടങ്ങിയ ഭാഗങ്ങളിലാണ് പോലീസ് പ്രത്യേക നിരീക്ഷണം നടത്തി വരുന്നത്. ദിവസങ്ങൾക്കു മുമ്പ് നെട്ടയം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം തകർത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.