സ്വന്തം ലേഖകൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിനു 12 ദിവസങ്ങൾ മാത്രം ശേഷിക്കേ വട്ടിയൂർക്കാവ് മണ്ഡലത്തിലെ രാഷ്ട്രീയം കുഴഞ്ഞുമറിയുന്നു. വിജയദശമി ദിനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സർക്കാർ വിരുദ്ധ പരാമർശമാണു മണ്ഡലത്തെ ഇപ്പോൾ ചൂടുപിടിപ്പിച്ചിരിക്കുന്നത്.
സമദൂരമല്ല ശരിദൂരമാണ് എൻഎസ്എസ് സ്വീകരിക്കാൻ പോകുന്നതെന്നും ജനങ്ങളെ സവർണനെന്നും അവർണനെന്നും വേർതിരിക്കാനാണു സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിലൂടെ ശ്രമിച്ചതെന്നുമുള്ള സുകുമാരൻ നായരുടെ നിലപാടിൽ കൂടുതൽ ആശങ്കപ്പെടുന്നത് ഇടതുമുന്നണി തന്നെ. മണ്ഡലത്തിലെ എൻഎസ്എസിന്റെ സ്വാധീനം തന്നെയാണ് ഇതിനു കാരണം. ഇതു മറികടക്കാനുള്ള നീക്കം ഇടതുമുന്നണിയും ഗുണകരമാക്കാനുള്ള പ്രവർത്തനങ്ങൾ യുഡിഎഫും ആരംഭിച്ചതോടെ മത്സരം പ്രവചനാതീതമാകുമെന്നുറപ്പ്.
യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.മോഹൻകുമാറിന്റെ വാഹനപര്യടനം ഇന്നലെ ആരംഭിച്ചു. മരുതംകുഴി ഉദിയന്നൂർ ദേവീ ക്ഷേത്രത്തിന്റെ മുന്നിൽ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. തുടർന്നു ശ്രീ ചിത്രാനഗർ, പാങ്ങോട്, കട്ടച്ചൽ, വേട്ടമുക്ക്, കൂട്ടാംവിള പ്രദേശങ്ങളിൽ പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങി. വലിയവിളയിലായിരുന്നു ഉച്ചഭക്ഷണവും വിശ്രമവും. വൈകുന്നേരം കാഞ്ഞിരംപാറ മഞ്ചാടിമൂടിൽ നിന്നും പ്രചരണം ആരംഭിച്ചു.
വട്ടിയൂർക്കാവ് വാർഡിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പിന്നീടുള്ള വോട്ടഭ്യർഥന. രാത്രി വൈകിയും മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ കാണാനുള്ള തിരക്കിലായിരുന്നു മോഹൻകുമാർ. പ്രത്യേകിച്ചു പുതിയ സാഹചര്യത്തിൽ കരയോഗം ഭാരവഹികളെ കാണാനും പിന്തുണ തേടാനും സ്ഥാനാർഥി സമയം കണ്ടെത്തി.
ഇന്നു വൈകുന്നേരമാണു വാഹന പര്യടനം നിശ്ചയിച്ചിട്ടുള്ളത്. ഡിസിസി പ്രസിഡന്റ് നെയാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ എംഎൽഎ, ടി.ശരത്ചന്ദ്രപ്രസാദ്, തന്പാന്നൂർ രവി എന്നീ നേതാക്കളും സ്ഥാനാർഥിയ്ക്കൊപ്പം വാഹനപര്യടനത്തിന് ഉണ്ടായിരുന്നു.
ഇടതുമുന്നണി സ്ഥാനാർഥി അഡ്വ: വി.കെ.പ്രശാന്തിന്റെ വോട്ടഭ്യർഥന ഇന്നലെ കാഞ്ഞിരംപാറയിൽ നിന്നും ആരംഭിച്ചു. മരുതംകുഴി, പിടിപി നഗർ, കാപ്പിവിള, അറപ്പുര, പാങ്ങോട്, കട്ടച്ചൽ, വേട്ടമുക്ക്, വലിയവിള എന്നീവിടങ്ങളിൽ എത്തി വോട്ടർമാരെ നേരിൽ കണ്ടു. പിന്നീടു ഘോഷയാത്രയോടെ ജിമ്മിജോർജ് സ്റ്റേഡിയത്തിലേയ്ക്കു തുറന്ന ജീപ്പിൽ പോയ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻ പി.വി.സിന്ധുവിനു കോർപറേഷൻ ഓഫീസിനു മുന്നിൽ സ്ഥാനാർഥി വക സ്വീകരണം.
വൈകുന്നേരം ആർച്ച് ബിഷപ് ബനഡിക് മാർ ഗ്രിഗേറിയോസിന്റെ ഓർമത്തിരുനാളിനോടനുബന്ധിച്ചു നടന്ന ശാന്തിയാത്ര ആരംഭിച്ച നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി പള്ളിയിലെത്തി അവിടെ കൂടി നിന്നവരുടെ അനുഗ്രഹം വാങ്ങി. പിന്നീട് പേരൂർക്കട, കുടപ്പനക്കുന്ന് മേഖലകളിലെത്തി വോട്ടർമാരെ കണ്ടു. നാളെ പ്രശാന്തിന്റെ വാഹനപര്യടനം ആരംഭിയ്ക്കും.
എൻഡിഎ സ്ഥാനാർഥി അഡ്വ. എസ്.സുരേഷിന്റെ തെരഞ്ഞെടുപ്പു പ്രചരണം ഇന്നലെ വൈകുന്നേരം കേശവദാസപുരത്തു നിന്നാണ് ആരംഭിച്ചത്. വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ച സ്ഥാനാർഥി തുടർന്നു പേരൂർക്കട ഏരിയ കണ്‍വൻഷനിൽ പങ്കെടുത്തു. രാത്രി മണ്ഡലത്തിലെ ബൂത്ത് ഓഫീസുകളിലെത്തി പ്രവർത്തകരുമായി പ്രവർത്തനത്തെ സംബന്ധിച്ച് ആശയവിനിമയം നടത്തി.