എം.പ്രേംകുമാർ
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ നെഞ്ചിടിപ്പോടെ മുന്നണികൾ. എംഎൽഎയായിരുന്ന കെ.മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിന്റെ എംപിയായതോടെയാണു വട്ടിയൂർക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനു വേദിയായത്.
പഴയ നോർത്ത് മണ്ഡലം വട്ടിയൂർക്കാവ് മണ്ഡലമായി രൂപാന്തരപ്പെട്ടതിനു ശേഷമുള്ള രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ജയിച്ചതു യുഡിഎഫാണ്. രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ കെ. മുരളീധരനിലൂടെയാണു യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.
സിപിഎം നേതാവ് എം.വിജയകുമാർ 20 വർഷം പ്രതിനിധീകരിച്ച മണ്ഡലമെന്ന ഖ്യാതിയും ഇപ്പോഴത്തെ വട്ടിയൂർക്കാവിനുണ്ട്. രണ്ടു മുന്നണികൾക്കൊപ്പം നിൽക്കാവുന്ന രാഷ്ട്രീയ സ്വാധീനം ഈ മണ്ഡലത്തിൽ ഇപ്പോൾ ബിജെപിയ്ക്കുള്ളതാണു തെരഞ്ഞെടുപ്പിനെ ത്രികോണ മത്സരത്തിനു കൂടി വേദിയാക്കുന്നത്. പൊതുവായുള്ള രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം വർഷങ്ങളായി ഫയലിൽ ഉറങ്ങിക്കിടക്കുന്ന വട്ടിയൂർക്കാവ് റോഡ് വികസനവും കൂടി തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്പോൾ പ്രചരണം കൊഴുക്കുമെന്നുറപ്പ്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ ത്രികോണ മത്സരമാണു വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടന്നത്. 2011-ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കെ.മുരളീധരൻ പരാജയപ്പെടുത്തിയത്.
അന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വി.വി.രാജേഷിനു 13,494 വോട്ടു മാത്രമാണു ലഭിച്ചത്. 2016-ലെ തെരഞ്ഞെടുപ്പിൽ കെ.മുരളീധരനു കടുത്ത മത്സരമാണു നേരിടേണ്ടി വന്നത്. സിപിഎം സ്ഥാനാർഥി ഡോ. ടി.എൻ.സീമയും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനുമായിരുന്നു എതിരാളികൾ. ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുരളീധരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തുകയും സിപിഎം സ്ഥാനാർഥി ടി.എൻ.സീമ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുകയും ചെയ്തു. പാർട്ടി സ്ഥാനാർഥി മൂന്നാമതെത്തിയതു ജില്ലയിലെ സിപിഎമ്മിനുള്ളിൽ വലിയ പൊട്ടിത്തെറിയ്ക്കു കാരണമാകുകയും ചെയ്തു. കുമ്മനം രാജശേഖരനു 43,700 വോട്ടാണു തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇതു ബിജെപിയ്ക്കു രാഷ്ട്രീയമായി വലിയ ഊർജമാണു പിന്നീടു മണ്ഡലത്തിൽ ഉണ്ടാക്കിക്കൊടുത്തത്. യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ നിരവധി പേരുകളാണ് ഉയർന്നു കേൾക്കുന്നത്. നേരത്തേ ഈ മണ്ഡലത്തിൽ എംഎൽഎയായിരുന്ന ഇപ്പോൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ ഡോ. കെ.മോഹൻകുമാറിന്റെ പേരിനാണു പ്രഥമ മുൻഗണന.
ഇദ്ദേഹത്തോടൊപ്പം എൻ.പീതാംബരക്കുറുപ്പ്, ശാസ്തമംഗലം മോഹൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും പട്ടികയിലുണ്ട്. സ്ഥാനാർഥിയെ നിർണയിക്കുന്ന കാര്യത്തിൽ കെ.മുരളീധരന്റെ അഭിപ്രായം നിർണായകമാണ്. 2011 -ലെ തെരഞ്ഞെടുപ്പിൽ കെ.മോഹൻകുമാറിനെ സ്ഥാനാർഥിയാക്കാനായിരുന്നു കോണ്ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ അദ്ദേഹം മണ്ഡലത്തിൽ സ്ഥാനാർഥിയെന്ന രീതിയിലുള്ള പ്രാഥമിക പ്രവർത്തനങ്ങളും നടത്തിയതാണ്.
എന്നാൽ പിന്നീടാണ് കെ. മുരളീധരൻ മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തുന്നത്. മുരളീധരനു വേണ്ടി മോഹൻകുമാർ മാറിക്കൊടുക്കുകയായിരുന്നു എന്നാണു പിന്നീടു കേട്ടത്. അതുകൊണ്ടു മുരളീധരന്റെ മനസു തന്നെയാകും മോഹൻകുമാറിന്റെ സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ പ്രധാന ഘടകമാകുക.
മേയർ വി.കെ. പ്രശാന്ത്, സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ എന്നിവരാണു സിപിഎം സ്ഥാനാർഥി പട്ടികയിൽ ഇപ്പോഴുള്ളത്.
24 നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണു സാധ്യത. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തായിരുന്നു. സിപിഎമ്മിനും മുന്നണിയ്ക്കും പരന്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ വലിയ കുറവാണ് ഉണ്ടായത്.
വലിയ രാഷ്ട്രീയ പേരാട്ടത്തിനാണ് ഈ ഉപതെരഞ്ഞെടുപ്പ് വേദിയാകുന്നത്. നഷ്ടപ്പെട്ട വോട്ടുകൾ തിരികെ കൊണ്ടുവരിക എന്നതു മാത്രമല്ല തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണു സിപിഎമ്മിന്റെ ലക്ഷ്യം. ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ വലിയപ്രതിസന്ധിയാണു സിപിഎം അഭിമുഖീകരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായക്കാരും പാർട്ടി നേതൃത്വത്തിലുണ്ട്.
ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇപ്പോഴും കുമ്മനം രാജശേഖരൻ തന്നെയാണു മുൻഗണനാ പട്ടികയിൽ. വി.വി.രാജേഷും ബിജെപി ജില്ലാ പ്രസിഡന്റ് എ.സുരേഷും തൊട്ടു പിന്നിലുണ്ട്. രണ്ടു മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കാമെന്ന ധാരണയാണു പാർട്ടി നേതൃത്വം.