ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി, ചിറ്റാരി വനമേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി. വൻവാറ്റു കേന്ദ്രം തകർത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു. വിഷു – ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കർണാടക വനാതിർത്തിയോട് ചേർന്ന പുഴയോരത്ത് ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ റെയ്ഡ് നടത്തുകയായിരുന്നു.
കാട്ടിൽ പ്രത്യേകം കുഴികളുണ്ടാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇന്നലെ നടത്തിയ റെയ്ഡിലും വാഷ് പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ പി.വി. നാരായണൻ, പി.ആർ. സജീവ്, പി.സി. വാസുദേവൻ, സിഇഒ മാരായ പി.വി. പ്രകാശൻ, പി. ഷിബു, ഷഫീഖ്, ഉല്ലാസ്, ജോസ്, കേശവൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.