സ്വന്തം ലേഖകൻ
കോഴിക്കോട്: സുപ്രീം കോടതി നിർദേശത്തെുടർന്ന് ജില്ലയിലെ മദ്യശാലകളിലേറെയും താഴിട്ടതോടെ സജീവമാകുന്ന കള്ളവാറ്റ് തടയാൻ നടപടികളുമായി എക്സൈസ്. മാഹിയിൽ മദ്യഷോപ്പുകൾ ഭൂരിഭാഗവും പൂട്ടിയതോടെ ഇതുവഴി ജില്ലയിലേക്കുള്ള മദ്യകടത്ത് കുറഞ്ഞ പശ്ചാത്തലത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ കള്ള വാറ്റ് കേന്ദ്രങ്ങൾ പൂട്ടിക്കാൻ രംഗത്തിറക്കാനാണ് തീരുമാനം.
ഉത്സവസീസണിൽ മാഹിയിൽ നിന്നുള്ള മദ്യകടത്ത് തടയാനായി പ്രത്യേകവാഹനത്തിൽ ഉദ്യോഗസഥർ റെയ്ഡ് നടത്താറുണ്ടായിരുന്നു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് മാഹിയിലെ ദേശീയപാതയോരത്തെ മദ്യശാലകളെല്ലാം അടച്ചുപൂട്ടിയ പശ്ചാത്തലത്തിലാണ് മാഹിയിലെ പിടി അയച്ച് വിഷുക്കാലത്ത് വാറ്റുചാരായം പിടികിടൂാൻ സേനാംഗങ്ങളെ രംഗത്തിറക്കിയിരിക്കുന്നത്. നിലവിൽ സേനാംഗങ്ങളുടെ കുറവുമൂലം പ്രതിസന്ധിയിലായിരുന്ന എക്സൈസിന് മാഹി ക്ലിൻ ആയത് തെല്ല് ആശ്വാസം പകരുന്നു.
മദ്യത്തിന്റെ നാടെന്ന ലേബലുമായി കഴിയുന്ന കൊച്ചു മാഹിയിലെ 64 മദ്യശാലകളിൽ 32 എണ്ണത്തിനും താഴു വീണത് അയൽ ജില്ലകളായ കോഴിക്കോട്ടെയും കണ്ണൂരിലെയും മദ്യപൻമാർക്ക് മദ്യം മറിച്ചുവിൽക്കുന്നവർക്കും തിരിച്ചടിയായിരുന്നു. ആകെ ജനസംഖ്യയുടെ 15 ശതമാനത്തിൽ താഴെ മാഹിക്കാർ മാത്രമേ മദ്യം കഴിക്കാറുള്ളൂ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകൾക്കു പുറമെ തെക്കൻ ജില്ലകളിൽ നിന്നു പോലും മദ്യപിക്കാൻ ഇവിടെ ആളുകൾ ഒഴുകിയെത്താറുണ്ടെന്നാണ് കണക്കുകൾ. പ്രത്യേകിച്ച വിഷു ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ കേരളത്തെ അപേക്ഷിച്ച് നികുതി കുറവായതിനാൽ 30-40 ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കും എന്നതാണ് മദ്യപാനികളെ ആകർഷിക്കുന്ന ഘടകം. നാലാംതരം കന്പനികൾക്ക് കുറഞ്ഞവിലമാത്രം നൽകിയാൽ മതി. ബ്രാൻഡഡ് കന്പിനികൾക്കും ഡിമാൻഡിന് കുറവൊന്നുമില്ല. മാഹിയിൽ നിലവിൽ ഒന്പത് ചതുരശ്ര കിലോമീറ്ററിനുള്ളിൽ 34 ബാറുകളും 30 മൊത്ത-ചില്ലറ മദ്യശാലകളുമുണ്ടെന്നാണ് ഒദ്യോഗിക കണക്ക്.
അനധികൃതമായുള്ളവ വേറെയും. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മദ്യം വിറ്റഴിക്കുന്ന മാഹിയിൽ പ്രതിമാസം നൂറു ലോഡ് മദ്യമാണ് എത്തുന്നത്. ഇതിലേറെയും പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഒഴുകാറുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം നിന്നു. മാഹിയിൽ നിലവിലുള്ള മദ്യശാലകളുടെ എണ്ണം പകുതിയാകുന്നതോടെ അവശേഷിക്കുന്ന മദ്യഷോപ്പുകൾക്ക് കച്ചവട വർധനവുണ്ടാകും
എന്നാൽ മദ്യം കടത്തുന്നത് കുറയും. കുറഞ്ഞ ഷോപ്പുകൾ മാത്രമായതിനാൽ പരിശോധന കാര്യക്ഷമമാകും എന്നതാണ് കാരണം. മാഹിയിൽ ദേശീയപാതയിലെ ഏതാണ്ട് 700 മീറ്റർ ചുറ്റളവിലാണ് അടച്ചുപൂട്ടുന്ന 32 മദ്യഷാപ്പുകളും സ്ഥിതിചെയ്തിരുന്നത്. ദേശീയപാതയിൽ നിന്നും 500 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന രണ്ട് മദ്യശാലകൾ മാത്രമാണ് മാഹി നഗരത്തിൽ അവശേഷിക്കുക.
ബാക്കിയുള്ള 30 എണ്ണം പാറാൽ പള്ളൂർ ചൊക്ലി പാതയോരത്തും പള്ളൂർ മുതൽ പന്തക്കൽമൂലക്കടവ് വരെയുള്ള പാതയോരങ്ങളിലുമാണ്. പൂട്ടുവീണ മദ്യശാലകളിൽ പകുതിയോളമെങ്കിലും നഗരത്തിന് സമീപമുള്ള ചൂടിക്കോട്ട, മഞ്ചക്കൽ, ഐ.കെ കുമാരൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായാണ്് അറിയുന്നത്.