കാട്ടാക്കട: ഓണം മുന്നിൽ കണ്ട് പുതിയ അടവുകളുമായി വാറ്റുചാരായ ലോബി. ഇക്കുറി ഓണം കൊഴുപ്പിക്കാൻ മുന്തിയ ഇനമെന്ന് പറഞ്ഞ് വാറ്റ് ചാരായം വിപണിയിൽ എത്തിക്കാൻ ശ്രമം തുടങ്ങി. ജി.എസ്.ടി, ഫെസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ദേ മാവേലി കൊമ്പത്ത് തുടങ്ങി വിവിധ പേരുകളിൽ ചാരായം നിർമ്മിക്കുന്ന സംഘമാണ് ഇപ്പോൾ ഓണം കൊഴുപ്പിക്കാൻ എത്തുന്നത്. പെരുച്ചാഴി എന്ന പേരിൽ വിളിക്കുന്ന വാറ്റൻ പലേടത്തും റെഡിയായി കഴിഞ്ഞു.
വനവും നാടും അതിരിടുന്ന സ്ഥലങ്ങളിലാണ് വാറ്റു ചാരായം നിർമിക്കുന്നത്. വനത്തിലെ ചില കേന്ദ്രങ്ങളിൽ ഉറയിടുന്ന വാറ്റ് അവിടെ നിന്നും പുറത്ത് എത്തിച്ചാണ് അത് ചാരായമാക്കി വാറ്റുന്നത്. ഇതിൽ ഏലക്കാ, ഓറഞ്ച്, പൈനാപ്പിൾ എന്നിവയുടെ കൃത്രിമ എസൻസും പിന്നെ കടത്തികൊണ്ടുവരുന്ന സ്പിരിറ്റും ചേർത്ത് വിൽക്കും.
അതാണ് പെരുച്ചാഴി എന്ന പേരിൽ വിൽക്കുന്നത്. കഴിച്ചാൽ പെരുച്ചാഴിയെപോലെ വീര്യം കിട്ടുമെന്നാണ് പരസ്യം. വാറ്റുകാർ ഇക്കുറി എസ്.എം.എസ് സംവിധാനവുമായാണ് വിപണിപിടിക്കാനിറങ്ങിയിരിക്കുന്നത്. സാധനം വേണ്ടവർക്ക് അവർ മൊബൈലിൽ എസ്.എം.എസ് അയക്കും. പെരുച്ചാഴി റെഡി എന്നായിരിക്കും സന്ദേശം.
വേണ്ടവർക്ക് സാധനം രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കാനും ഇവർ തയാറാണ്. എക്സൈസിന്റെ പിടിയിലാകാതിരിക്കാനാണ് ഈ തന്ത്രം. നെട്ടുകാൽത്തേരി തുറന്നജയിലിനു സമീപത്തും നിന്നും എക്സൈസ് രണ്ടു തവണ കണ്ടെത്തിയത് 5000 ലിറ്റർ സ്പിരിറ്റാണ്. റബർ ഭൂമിയിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടത്. ആൾ കടന്നുവരാത്ത റബർ നട്ടിരിക്കുന്ന ഭാഗത്താണ് ഇവ കണ്ടത്. ആരും വരില്ലെന്നു കരുതി മണ്ണിനിടയിൽ ഇവ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
രഹസ്യ വിവരം നൽകിയതിനെ തുടർന്നാണ് റെയിഡ് നടന്നത്. തലസ്ഥാനത്തേയ്ക്കാണ് അധികവും പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആര്യനാട് കോട്ടയ്ക്കകം ഒരു കാലത്ത് വാറ്റ് ചാരായത്തിന് പേര് കേട്ടതാണ്. ഏതാണ്ട് നിലച്ചിരുന്ന നിർമാണം അടുത്തിടെ വീണ്ടും തുടങ്ങി. അതോടെ വാഹനങ്ങളുടെ ഘോഷയാത്രയും. പൊലിസ് സ്റ്റേഷനു മുന്നിലൂടെയാണ് വരവും പോക്കും.
അതിർത്തികളിൽ നിന്ന് ദിവസവും ആയിരകണക്കിന് ലിറ്റർ സ്പിരിറ്റാണ് ഇവിടെ വന്നു പോകുന്നത്. കാറിലും ടാങ്കർ ലോറികളിലും റബർപാൽകയറ്റി വരുന്ന ലോറികളിലും വരെ സ്പിരിറ്റ് കടത്തുന്നു. ഇത് ചില കേന്ദ്രങ്ങളിൽ എത്തിച്ച് നേർപ്പിച്ച് കടത്തും.
ഒരു കാലത്ത് സ്പിരിറ്റ് കടത്തിലിന് ചുക്കാൻ പിടിച്ചിരുന്ന ഒരു അബ്കാരിയാണ് ആര്യനാട് കേന്ദ്രീകരിച്ച് നേതൃത്വം നൽകുന്നതെന്നും കേൾക്കുന്നു. വളരെ ശക്തമാണ് ഈ ലോബി. ഗുണ്ടകളും പണവും രാഷ്ട്രീയസ്വധീനവും ചേർന്ന് ഗ്രാമങ്ങളെ വലിച്ചുമുറുക്കുകയാണ് ഈ സംഘം.
അടുത്തിടെ വാറ്റ് ചോദ്യം ചെയ്ത യുവാക്കളെ കാറിൽവന്ന സംഘം അടിച്ച് അവശരാക്കി. പരാതി ആകുമെന്നായപ്പോൾ ചില നേതാക്കൾ ഇടപെട്ട് അവർക്ക് പണം നൽകി ഒതുക്കി. കിള്ളിയിലും കുരുതംകോട്ടും വിദേശമദ്യം വ്യാജനായി ഉണ്ടാക്കുന്നവരെ പിടികൂടിയിരുന്നു.
അവർ ജയിലിൽ നിന്ന് ഇറങ്ങി വന്ന് ഉടനെ തന്നെ തുടങ്ങി പഴയ നിർമ്മാണവും. ഇത് അറിഞ്ഞിട്ടും എക്സൈസിന് അനക്കമില്ല. വനത്തിനകത്തും ചില കേന്ദ്രങ്ങളിലും വാറ്റ് നടക്കുന്നുണ്ട്. ഇതിനായി ഗുണ്ടാപ്പടകളേയും ഏർപ്പാടാക്കിയിട്ടുണ്ട്. ശബ്ദിച്ചാൽ അടിച്ചൊതുക്കുമെന്ന ഭീഷണിയും.