അപൂര്‍വ്വ ജന്മം എന്നു മാത്രമെ വാവ സുരേഷ് എന്ന മനുഷ്യനെ വിശേഷിപ്പിക്കാനാവുകയുള്ളു. വിഷം ചീറ്റുന്ന പാമ്പുകളെ ഓലപാമ്പിനെയെന്നപോലെ കൈകാര്യം ചെയ്യുന്ന വിധമാണ് അദ്ദേഹത്തെ ഈ വിശേഷണത്തിന് അര്‍ഹനാക്കിയത്. തന്റെ ജീവിതത്തിലെ 106-ാമത്തെ രാജവെമ്പാലയെയും കൈപ്പിടിയിലൊതുക്കി കഴിഞ്ഞു വാവ സുരേഷ്. കൊല്ലം ജില്ലയിലെ ഇടപ്പാളില്‍ ഒരു വീടിനുള്ളിലെ അടുക്കളയില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെയാണ് വാവ സുരേഷ് അനായാസേന കീഴ്‌പ്പെടുത്തിയത്.
ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. കഴിഞ്ഞ തവണ 103മത്തെ രാജവെമ്പാലയെ പിടിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 20 കിലോ തൂക്കവും 18 അടിനീളവും 14 വയസ്സ് പ്രായവുമുള്ള രാജവെമ്പാലയെയാണ് പത്തനംതിട്ടയിലെ കോട്ടമണ്‍പാറയില്‍ നിന്നും അന്ന് പിടികൂടിയത്. ഏകദേശം പത്തുലക്ഷത്തിലധികം ആളുകള്‍ അന്ന് ഫേസ്ബുക്കിലൂടെ പാമ്പുപിടുത്തം തത്സമയം കണ്ടിരുന്നു.
ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത് രാജവെമ്പാലയുടെ കടിയേറ്റാണെന്നും ഇതിനു പ്രതിവിഷം ലഭ്യമല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. രാജവെമ്പാലയുടെ കടിയേറ്റാല്‍ 5 മിനിറ്റിനകം തന്നെ മരണം സംഭവിക്കും. സുരക്ഷിതമല്ലാതെ ഈ പാമ്പുകളെ കൈകാര്യം ചെയ്യരുതെന്നും വാവ സുരേഷ് ദൃശ്യങ്ങളിലൂടെ മുന്നറിയിപ്പു നല്‍കി. ലോകത്തെ ഏറ്റവും വലിയ വിഷപ്പാമ്പാണ് സര്‍പ്പരാജാവായ രാജവെമ്പാല. ഓരോ കടിയിലും ഏല്‍പിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലായതിനാല്‍ വളരെ പെട്ടെന്നുതന്നെ മരണം സംഭവിക്കും. പ്രതിവിഷം തായ്ലന്‍ഡില്‍ മാത്രമേ ഇപ്പോള്‍ നിര്‍മിക്കുന്നുള്ളൂ.