എരുമേലി: രാത്രിയിൽ ഉമ്മറത്തു വാതിലിന്റെ കട്ടിളപ്പടിയിലിരുന്നു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയുടെ അരികിലൂടെ ഇഴഞ്ഞു വീട്ടിനകത്തേക്കു കയറിയതു നിസാരക്കാരനല്ല, സാക്ഷാൽ രാജവെന്പാല! വീട്ടുകാർ ആരും കണ്ടില്ല. അഞ്ചു വയസുകാരി വൈഗയുടെ ഭയന്നരണ്ട നിലവിളി കേട്ടാണ് വീട്ടുകാർ ഒാടിയെത്തിയത്.
പാന്പ്… പാന്പ്… എന്നു വിളിച്ചു പുറത്തേക്ക് ഒാടിയ വൈഗ അകത്തേക്കു കയറാൻ തയാറായില്ല. കുട്ടിയെ ആശ്വസിപ്പിക്കാനായി തെരച്ചിൽ നടത്തിയ വീട്ടുകാർ അതിഥിയെ കണ്ടതും ഞെട്ടിപ്പോയി. അടുക്കളയുടെ പാതകത്തിനടിയിൽ പതുങ്ങിയിരിക്കുന്നു ഉഗ്രൻ പാന്പ്. രാജവെന്പാലയാണന്നു സംശയം തോന്നിയതോടെ പലരും അടുക്കാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ വാവാ സുരേഷിനെത്തന്നെ വരുത്താൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഇരുമ്പൂന്നിക്കര മലയിൽ എം.കെ. പൊടിയന്റെ വീട്ടിലാണു പാന്പിനെ കണ്ടെത്തിയത്. വാവയെത്തി പുലർച്ചെ മൂന്നരയോടെ രാജവെന്പാലയെ കൈയിലൊതുക്കി. എട്ടടി നീളവും ഒരു വയസുമുള്ള പെൺ രാജവെന്പാലയാണ് ഇതെന്നു വാവാ സുരേഷ് പറഞ്ഞു. ഇനിയും ഇതേ പ്രായമുളള പാമ്പുകളും ഇവയെ മുട്ടയിട്ടു വിരിയിച്ച പാമ്പും പരിസരത്തെവിടെയെങ്കിലും കാണാൻ സാധ്യതയുണ്ടെന്നും വാവ സുരേഷ് പറഞ്ഞു. അപകടകാരിയായ രാജവെന്പാലയുടെ പതിനഞ്ചോളം മുട്ടകളാണു സാധാരണ വിരിയുക.
പൊടിയന്റെ കൊച്ചുമകളായ വൈഗ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പ്രദേശത്തെ റബർ-കൈത തോട്ടങ്ങളിലൂടെയോ വനത്തിൽനിന്നൊഴുകുന്ന തോട്ടിലൂടെയോ ആകാം രാജവെമ്പാല എത്തിയതെന്ന സംശയവുമുണ്ട്. പാമ്പിനെ വാവ സുരേഷ് ചാക്കിലാക്കി വനത്തിലാക്കാൻ കൊണ്ടുപോയി.