കണമല: രാജവെമ്പാല വാവ സുരേഷിനു പുത്തരിയല്ല. പക്ഷേ, മൂക്കന്‍പെട്ടിയിലെ നാട്ടുകാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാവുന്നതുമല്ല. ഇതു രണ്ടാം തവണയാണ് രാജവെമ്പാല നാടിനെ വിരട്ടാൻ എത്തുന്നത്. ഇന്നലെ മൂക്കന്‍പെട്ടി അരുവിക്കല്‍ വെട്ടിക്കല്‍ സണ്ണിയുടെ വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ മണിക്കൂറുകള്‍ക്കു ശേഷം വാവാ സുരേഷ് തലസ്ഥാനത്തുനിന്ന് എത്തിയപ്പോഴാണ് കീഴടങ്ങിയത്.
രണ്ടു വര്‍ഷം മുമ്പ് മൂക്കന്‍പെട്ടിയില്‍ വീടിനുള്ളില്‍ അലമാരയ്ക്ക് അടിയിലായി പതുങ്ങിയിരുന്നതു രാജവെമ്പാലയാണെന്ന് നാടറിഞ്ഞപ്പോഴുണ്ടായ അതേ ഭീതിതന്നെയാണ് ഇന്നലെയും നാട്ടിലെമ്പാടും പരന്നത്. വാവാ സുരേഷ് എത്തുന്നതുവരെ മണിക്കൂറുകളോളം നാട്ടുകാര്‍ മാത്രമല്ല വനപാലകസംഘവും രാജവെമ്പാലയ്ക്കു കാവലിരുന്നു.
ഓമനിച്ചു വളർത്തുന്ന പൂച്ച സെറ്റിക്കടിയിലേക്കു സൂക്ഷിച്ചു നോക്കി ജാഗ്രതയോടെ പതുങ്ങിയിരുന്നു കുറുകുന്നശബ്ദം പുറപ്പെടുവിക്കുന്നതുകണ്ടു സണ്ണിയുടെ ഭാര്യ ശ്രദ്ധിച്ചപ്പോഴാണു പാന്പിനെ കണ്ടത്.
സണ്ണിയുടെ വീടിനുള്ളില്‍ ഹാളില്‍ സെറ്റിക്കടിയിലായി പതുങ്ങി ചുരുണ്ടുകിടക്കുകയായിരുന്നു ഭീകരനായ രാജവെമ്പാല. വനപാലകര്‍ ഇടയ്ക്കിടെ ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ച് തെളിച്ചു രാജവെമ്പാല സ്ഥലംവിട്ടോയെന്നു നോക്കുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞതോടെയാണു സുരേഷ് എത്തിയത്. എല്ലാം നിമിഷനേരംകൊണ്ട് കഴിഞ്ഞു. വീടിനുള്ളിലേക്കു കയറിപ്പോയ സുരേഷ് മിന്നല്‍പോലെ രാജവമ്പാലയുമായി തിരിച്ചിറങ്ങുന്നതു കണ്ടു നാട്ടുകാർ വിസ്മയിച്ചുനിന്നു.
പിന്നെ ഫോട്ടോയെടുക്കാനുള്ള മത്സരമായിരുന്നു. തുരുതുരാമിന്നുന്ന ഫ്ളാഷുകളില്‍ പാമ്പിനു മുത്തം കൊടുത്തും കൈയിലുയര്ത്തിയും സുരേഷ് പോസ് ചെയ്തു. ഒടുവില്‍ വനപാലകര്‍ ഇടപെട്ടതോടെ ഫോട്ടോ സെഷന് മതിയാക്കി സുരേഷും ഒപ്പം നാടിനെ വിറപ്പിച്ച രാജവെമ്പാലയും കാട്ടിലേക്കു യാത്രയായി.
പിടികൂടിയ രാജവെന്പാല ആൺവർഗത്തിൽപ്പെട്ടതാണെന്നും മൂന്നു മീറ്റർ നീളമുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുമ്പൂന്നിക്കരയില്‍ വീട്ടിനുള്ളില്‍നിന്നു രാജവെന്പാലയെ സുരേഷ് പിടികൂടിയത്. എന്തായാലും ഇരുമ്പൂന്നിക്കരയിലും മൂക്കന്‍പെട്ടിയിലും ഇനിയും രാജവെമ്പാലകള്‍ ഉണ്ടായേക്കാമെന്നും നാട്ടുകാര്‍ പരമാവധി ശ്രദ്ധിക്കണമെന്നും കരുതിയിരിക്കണമെന്നുമാണു സുരേഷ് മാത്രമല്ല വനപാലകരും അറിയിച്ചിരിക്കുന്നത്.