ചാരുംമൂട്: വീടിന്റെ അടുക്കളയിൽ കയറി താവളമുറപ്പിച്ച മൂർഖൻ പാന്പ് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാക്കി. തുടർന്ന് മൂന്നു മണിക്കൂറുകളോളം നീണ്ടുനിന്ന ഭീതിജനകമായ നിമിഷങ്ങൾക്കൊടുവിൽ വാവാ സുരേഷ് എത്തി മൂർഖൻ പാന്പിനെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നൂറനാട് കുടശ്ശനാട് ചാലാച്ചേരിൽ ഭാസ്കരൻപിള്ളയുടെ അടുക്കളയിൽ വൈകുന്നേരം ആറോടെ കയറിയ പത്ത് വയസ് പ്രായമുള്ള എട്ടടി മൂർഖനെയാണ് പിടികൂടിയത്. ഭാസ്കരൻപിള്ളയുടെ ഭാര്യ സരസമ്മ അടുക്കളയിൽ പാചകത്തിനായി എത്തിയപ്പോഴാണ് പാന്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ ഓടി പുറത്തേക്കിറങ്ങി.
ഇതിനിടയിൽ പാന്പിനെ പുറത്തു ചാടിക്കുവാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് നാട്ടുകാർ വാവാ സുരേഷിനെ ഫോണിലൂടെ ബന്ധപ്പെട്ടത്. കോട്ടയത്തുണ്ടായിരുന്ന സുരേഷ് രാത്രിയോടെ സ്ഥലത്തെത്തുകയും അടുക്കളയിൽ കയറിയ പാന്പിനെ തന്ത്രപൂർവം പിടികൂടുകയുമായിരുന്നു. രാത്രി പതിനൊന്നോടെ പിടികൂടിയ മൂർഖനുമായി സുരേഷ് മടങ്ങി.