
മെഡിക്കൽ കോളജ്: പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ് ആശുപത്രിയിലായ വാവ സുരേഷിൻ്റെ അവസ്ഥ ഗുരുതരമായി തുടരുന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഇയാൾക്ക് അണലിയുടെ കടിയാണ് ഏറ്റത്. ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം.
ശരീരത്തിൽ ആഴത്തിൽ പാമ്പിന്റെ കൊത്ത് ഏറ്റതാണ് സ്ഥിതി ഗുരുതരാവസ്ഥയിൽ ആക്കിയത്. വാവ സുരേഷിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ ഐ.സി.യുവിൽ ചികിത്സയിലാണ് ഇദ്ദേഹം. ആവശ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്നും വളരെ ശ്രദ്ധാപൂർവമാണ് ഇദ്ദേഹത്തിന്റെ നില അവലോകനം ചെയ്തു വരുന്നത് എന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമ്മദ് വ്യക്തമാക്കി.
അതേസമയം സുരേഷ് അപകടനില തരണം ചെയ്തിട്ടില്ലെന്നും മണിക്കൂറുകൾക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും ഉള്ള നിലപാടിലാണ് ആശുപത്രി അധികൃതർ.
48 മണിക്കൂർ നീണ്ട നിരീക്ഷണത്തിനുശേഷം മാത്രമേ വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായി എന്തെങ്കിലും പറയാൻ സാധിക്കൂ.