കാഞ്ഞിരപ്പള്ളി: ജനവാസ കേന്ദ്രത്തിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്നും മൂർഖൻ പാന്പിനെ പിടികൂടി. പുളിമാവ് മുണ്ടക്കൽ വിഷ്ണു സിദ്ധാർഥിന്റെ വീടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നിന് വാവ സുരേഷെത്തി മൂർഖൻ പാന്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് പാന്പിനെ വീട്ടുകാർ കണ്ടെത്തുന്നത്. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറക് കെട്ടിനുള്ളിൽ ഒളിച്ച പാന്പിനെ പിന്നീട് വാവ സുരേഷിനെ വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു.
അഞ്ച് മാസം പ്രായമുളള പെണ്വർഗത്തിൽപ്പെട്ടപാന്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. എറെ ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന പറന്പ് കാട് പിടിച്ച് കിടക്കുന്നതാണ് പാന്പിന്റെ ശല്യം കൂടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പറന്പ് ശുചിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.