കുമരകം: ജനസേവനം ചെയ്യുന്ന തനിക്ക് കടക്കെണിയും സോഷ്യൽ മീഡിയായിൽക്കൂടിയുള്ള കുപ്രചാരണങ്ങളുമാണ് പ്രതിഫലമെന്ന് വാവാ സുരേഷ്. കുമരകം പള്ളിച്ചിറയിൽ മൂർഖനെ പിടിക്കാനെത്തിയപ്പോഴായിരുന്നു വാവാ സുരേഷ് മനസു തുറന്നത്.
പാന്പു വിഷബാധയേറ്റ് തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന ഫെയ്സ് ബുക്ക് വാർത്ത അറിഞ്ഞ് ക്ഷേമാന്വേഷണങ്ങൾക്കായി നിരവധി സുഹൃത്തുക്കളുടെ ഫോൺ കോൾ എത്തിയതിനെ തുടർന്നായിരുന്നു വാവാ സുരേഷ് വാചാലനായത്. താൻ പൂർണ ആരോഗ്യവാനാണെന്നും പനന്പാലത്തുനിന്നു പിടിച്ച മൂർഖനുമായി വെളുപ്പിന് മൂന്നിന് കുമരകത്തെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
മൂർഖനെ പിടികൂടുന്നതു കാണാനെത്തിയ നാട്ടുകാരെ വാഹനത്തിനുള്ളിൽനിന്നു മൂർഖനെ പുറത്തെടുത്തു കാണിക്കുകയും ചെയ്തു. മൂർഖനെയും മറ്റു വിഷപ്പാന്പുകളേയും കണ്ടു ഭയന്ന സഹായം അഭ്യർഥിക്കുന്നവരേയും മറ്റുള്ളവർക്കും സേവനം ചെയ്ത താൻ 18 ലക്ഷം രൂപയോളം കടക്കാരനാണെന്നും വാവ സുരേഷ് പറഞ്ഞു.
പാന്പുകളെ പിടിച്ചാൽ ചിലർ മാത്രമാണ് ചെലവുകാശു നൽകുന്നത് പിടിക്കുന്ന പാന്പുകളെ വീട്ടിൽ സൂക്ഷിക്കുകയും 150 എണ്ണത്തോളമാകുന്പോൾ ഗവി വനത്തിൽ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ കൊണ്ടുവിടുകയുമാണെന്ന് വാവ സുരേഷ് പറഞ്ഞു. ഇതിനായി ഓരോ ട്രിപ്പിലും 10,000 രൂപ ചെലവുണ്ടായെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു.