മാങ്കാംകുഴി: രാത്രിയിൽ കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ പാന്പ് നാട്ടുകാരുടെ ഉറക്കം കെടുത്തി.ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പാന്പുകളുടെ രക്ഷകൻ വാവ സുരേഷ് സ്ഥലത്തെത്തി പാന്പിനെ പിടികൂടി.
വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരത്തിന് സമീപം കുറ്റിയിൽ രാമചന്ദ്രന്റെ വീട്ടിലെ പോർച്ചിൽ കിടന്ന ഹുണ്ടായി കാറിന്റെ ബോണറ്റിലാണ് പാന്പ് കയറിയത്.സമീപത്തെ കടയിലിരുന്ന ആൾ പാന്പ് കയറുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ബോണറ്റ് ഉയർത്തി പാന്പിനെ പുറത്തിറക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടയിൽ നാട്ടുകാരിൽ ചിലർ ഉഗ്രവിഷമുള്ള പാന്പായിരിക്കും എന്ന് പറയുക കൂടി ചെയ്തതോടെ നാട്ടുകാർ പാന്പിനെ പുറത്തിറക്കാനുള്ള ശ്രമത്തിൽ നിന്നും പിൻവാങ്ങി. പിന്നീട് നാട്ടുകാർ വാവ സുരേഷിനെ ഫോണിൽ വിവരമറിയിക്കുകയുമായിരുന്നു.
ഇന്നലെ രാത്രി എട്ടുമണിക്ക് കയറിയ പാന്പിനെ രാത്രി 11:15ഓടെയാണ് വാവ സുരേഷ് സ്ഥലത്തെത്തി പിടികൂടിയത്.കാർ സ്റ്റാർട്ടാക്കിയപ്പോൾ പുറത്തേക്ക് തല നീട്ടിവന്ന പാന്പിനെ തന്ത്രപരമായി വാവ സുരേഷ് കൈപ്പിടിയിലാക്കുകയായിരുന്നു.
കാടുകളിൽ മാത്രം കാണാറുള്ള ഇനത്തിൽപ്പെട്ട പാന്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. പാന്പിനെ കുറിച്ചുള്ള അറിവും വാവ സുരേഷ് നാട്ടുകാർക്ക് പകർന്ന് നൽകി. പിന്നീട് പ്ലാസ്റ്റിക് ടിന്നിലാക്കിയ പാന്പുമായി രാത്രി 12ഓടെയാണ് വാവ സുരേഷ് സ്ഥലത്ത് നിന്നും മടങ്ങിയത്. പാന്പിനെ വാവ സുരേഷ് പിടികൂടുന്നത് നേരിൽ കാണാൻ രാത്രിയിൽ ഉറക്കം വെടിഞ്ഞും വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.