പാമ്പുകളുടെ രക്ഷകന്‍! കടിച്ചപാമ്പിനെ കൈയിലെടുത്ത് വിസ്മയ പ്രകടനവുമായി വീണ്ടും വാവാ സുരേഷ്; പ്രകടനം വ്യത്യസ്തമായ രീതിയില്‍

ktm-vavaകായംകുളം: കടിച്ച പാമ്പിനെ ഉപേക്ഷിക്കാതെ ആ പാമ്പുമായെത്തി വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വിസ്മയ പ്രകടനം നടത്തി പാമ്പുകളുടെ രക്ഷകന്‍ വാവ സുരേഷ് കാണികളുടെ മനം കവര്‍ന്നു. പ്രയാര്‍ ആര്‍വിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സാമൂഹ്യസേവന പുരസ്കാരവേദിയിലാണ് വാവാ സുരേഷ് പാമ്പുകളുമായുള്ള വിസ്മയപ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം മാന്നാര്‍ നായര്‍ സമാജം സ്കൂളിലെ നേച്ചര്‍ ക്ലബ് നടത്തിയ പരിപാടിയ്ക്കിടെയാണ് പാമ്പുകളെ പരിചയപ്പെടുത്തുന്നതിനിടയില്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റത്.

കടിച്ച മൂര്‍ഖന്‍ പാമ്പുമായുള്ള പ്രയാര്‍ സ്കൂളിലെ വാവസുരേഷിന്റെ പ്രകടനം അതുകൊണ്ടുതന്നെ വേറിട്ട കാഴ്ചയായി. പാമ്പുകളെ സംബന്ധിച്ച് നിലനില്‍ക്കുന്ന മുത്തശ്ശികഥകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചും വിദ്യാര്‍ഥികളെ ചിന്തിപ്പിച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സുരേഷിന്റെ പ്രകടനം. പ്രകൃതിയുടെ സംരക്ഷകര്‍ മനുഷ്യരല്ല മൃഗങ്ങളാണെന്ന് ഓര്‍മപ്പെടുത്തും വിധത്തിലായിരുന്നു അവതരണം.

കാട്ടുപാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങിയവയെ വിദ്യാര്‍ഥികളൂടെ മുന്നില്‍ നേരിട്ട് വാവാസുരേഷ് പരിചയപ്പെടുത്തി. സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ’വര്‍ണം2016’ എന്‍എസ്എസ് ഫെസ്റ്റിന്റെ ഭാഗമായുള്ള സാമൂഹികസേവന പുരസ്കാരത്തിനു വാവാ സുരേഷ്, ഡോ. എം എസ് സുനില്‍, അബ്ബാ മോഹന്‍, റാഫി രാമനാഥ് എന്നിവരായിരുന്നു അര്‍ഹരായത്. പുരസ്കാരവിതരണം പ്രതിഭാഹരി എംഎല്‍എ നിര്‍വഹിച്ചു.

Related posts