പാമ്പുകളെ സ്‌നേഹിക്കുന്ന വാവ സുരേഷിനെ എല്ലാവര്‍ക്കുമറിയാം! അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ അറിയാമോ? ലക്ഷങ്ങളുടെ അവാര്‍ഡ് തുകയടക്കം ആര്‍സിസിയിലെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിച്ച് വാവ സുരേഷ്

ഇന്ന് കേരളത്തിനകത്തും പുറത്തും ആരാധകരുള്ള, ഡിമാന്റുള്ള വ്യക്തിയാണ് വാവാ സുരേഷ്. കരിമൂര്‍ഖന്‍, രാജവെമ്പാല തുടങ്ങി ഏത് വിഷ പാമ്പിനെയും വാവ സുരേഷ് തന്റെ ഉള്ളം കൈയ്യില്‍ വച്ച് അമ്മാനമാടും.

വിഷപാമ്പുകളുടേതടതക്കം ധാരാളം പാമ്പുകളുടെ കടിയേല്‍ക്കുകയും നിരവധി തവണ മരണത്തെ മുഖാമുഖം കാണുകയും, തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്തിട്ടുണ്ട് വാവാ സുരേഷ്. കാല്‍ നൂറ്റാണ്ടുകൊണ്ട് പിടിച്ചത്, അമ്പതിനായിരത്തിലധികം പാമ്പുകളായാണ്.

പ്രശസ്തനായതോടെ വാവ സുരേഷിനെ തേടി ഇരുപത്തിനാല് മണിക്കൂറും ഫോണ്‍കോളുകളും എത്തിതുടങ്ങി. കഴിയുന്നിടത്തെല്ലാം ഓടിച്ചെല്ലും. എത്ര സാഹസികമായാണെങ്കിലും പാമ്പിനെ പിടിക്കും. വിളിക്കുന്നവരോട് കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങാറില്ല.

തരുന്നത് മാത്രം വാങ്ങി പോവുകയാണ് പതിവ്. വാവ സുരേഷിന്റെ ഫേസ്ബുക്ക് പേജ് മാത്രം നോക്കിയാല്‍ മതിയാവും എത്രമാത്രം സ്വീകാര്യനാണ് നാട്ടുകാരുടെയിടയില്‍ അദ്ദേഹമെന്ന് മനസിലാക്കാന്‍.

ഇത്തരത്തില്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പലര്‍ക്കും ആ രീതിയില്‍ അദ്ദേഹത്തെ നന്നായി അറിയുകയും ചെയ്യാം.

എന്നാല്‍ ഒരു മനുഷ്യസ്‌നേഹി, അല്ലെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലര്‍ക്കും വാവാ സുരേഷിനെ പരിചയമില്ല. എന്നാല്‍ ആ വിശേഷണങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് വാവ സുരേഷ്.

തിരുവനന്തപുരം ആര്‍സിസിയിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന്, അവിടെ ചികിത്സയ്‌ക്കെത്തുന്ന 60 ഓളം കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാവ സുരേഷിന്റെ ചിത്രങ്ങളും വാര്‍ത്തയുമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വാവ സുരേഷ് ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വാവ സുരേഷിന്റെ ഇങ്ങനെയൊരു മുഖം തങ്ങള്‍ക്ക് അജ്ഞാതമായിരുന്നു എന്നും താങ്കളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നുവെന്നും തനിക്കുള്ളതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കുന്ന മനോഭാവം അനുകരണീയമാണെന്നും പലരും വാവ സുരേഷിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്യുന്നുണ്ട്.

വാവ സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതിങ്ങനെ…
തിരുവനന്തപുരം RCC -യിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് RCC-യില്‍ ചികിത്സയ്ക്കെത്തുന്ന 60- ഓളം കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൗമുദി ടിവിയുടെ അവാര്‍ഡ് തുക 1- ലക്ഷം രൂപയും ഈ സംരഭത്തിനായി ഉള്‍പ്പെടുത്തി. ചടങ്ങില്‍ ശ്രീ.ഭരത് സുരേഷ്‌ഗോപി MP സാര്‍ സുഖമില്ലാതിരുന്നിരുന്നിട്ടും എത്തുകയായിരുന്നു.

ഡോ.ഷര്‍മ്മദ് സാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തിരുവനന്തപുരം, ശ്രീമതി. എസ്എസ് സിന്ധു മാഡം കൗണ്‍സിലര്‍,മെഡിക്കല്‍ കോളേജ് വാര്‍ഡ്, ഡോ. ഷാജി തോമസ് സാര്‍ അസി.പ്രൊഫ. RCC ,കനിവിന്റെ അംഗങ്ങള്‍ ,RCCയില്‍ ചികിത്സയ്ക്ക് എത്തിയവരും, കൂട്ടിരിപ്പുകാരും, RCC – ജീവനക്കാരും എത്തിയിരുന്നു.

Related posts