ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ചികിത്സാ സംഘം. മൂർഖൻ പാന്പിന്റെ വിഷം നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക.
മരുന്നുകൾ നൽകി 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ വാവാ സുരേഷിന്റെ നില മെച്ചപ്പെടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെട്ടു.
മൂർഖന്റെ വിഷമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്.
പലതവണ പല തരത്തിലുള്ള പാന്പുകളുടെ കടിയേറ്റ് തുടർച്ചയായി ആന്ററിവെനം നൽകുന്നതിനാൽ അലർജിക്കുള്ള സാധ്യതയുണ്ടാകുമെന്നും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാന്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാന്പ് കടിയേറ്റത്.
വിഷബാധയിൽ തലച്ചോറിലെ കോശങ്ങൾക്കു കേടു സംഭവിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നു സംശയിക്കുന്നതായും എങ്കിലും രോഗി പ്രതികരിക്കുന്നതിനാൽ ഈ സ്ഥിതി മറികടക്കാനായി എന്നു കരുതുന്നതായും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
ഡെപ്യൂട്ടി സുപ്രണ്ട് ഡോ. രതീഷ് കുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘ മിത്ര, ന്യൂറോ മെഡിസിനിലെ ഡോ. അനുരാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.