ഗാന്ധിനഗർ (കോട്ടയം): മൂർഖൻ പാന്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു.
ഇന്നു രാവിലെ 10.30നാണ് വാവാ സുരേഷ് ആശുപത്രി വിട്ടത്. കഴിഞ്ഞ ജനുവരി 31നാണ് കുറിച്ചിയിൽവച്ച് മൂർഖനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയിൽ വാവാ സുരേഷിന് പാന്പ് കടിയേറ്റത്.
തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനവും രക്തസമ്മർദ്ദവും കുറഞ്ഞ നിലയിൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
തുടർന്ന് 72 മണിക്കൂറിനു ശേഷം വെന്റിലേറ്ററിൽ നിന്നു മാറ്റി ഐസിയുവിൽ പ്രവേശിപ്പിച്ചു.
പിന്നീട് കഴിഞ്ഞ നാലിന് മുറിയിലേക്ക് മാറ്റുകയും ആരോഗ്യം പൂർണമായും വീണ്ടെടുക്കുകയും ചെയ്തു.
മുറിവുണങ്ങാനുള്ള മരുന്നുകൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നല്കിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ബോർഡ് കൂടുകയും ഇന്ന് ഡിസ്ചാർജ് ചെയ്യുവാൻ തീരുമാനിക്കുകയുമായിരുന്നു.
ചികിത്സയ്ക്കായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ കാർഡിയോളജി മേധാവി ഡോ. വി.എൽ. ജയപ്രകാശ്, മെഡിസിൻ മേധാവി ഡോ. സംഘമിത്ര,
ആർഎംഒ ഡോ ആർ.പി. രഞ്ചിൻ, ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്കുമാർ,
മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് നോഡൽ ഓഫീസർ ഡോ. അനുരാജ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സുരേഷിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
എല്ലാവർക്കും നന്ദി
മൂർഖൻ പാന്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് മെഡിക്കൽ കോളജ് ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ നിന്നും ഇന്നു രാവിലെ ഡിസ് ചാർജ് ചെയ്ത വാവാ സുരേഷ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ആശുപത്രിയിലെത്തിച്ച കുറിച്ചി പഞ്ചായത്ത് ഒന്പതാം വാർഡ് മെംബർ വി.ആർ. മഞ്ജിഷ്, മന്ത്രി വി.എൻ. വാസവൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ വി. എൽ. ജയപ്രകാശ്,
ക്രിറ്റിക്കൽ കെയർ യൂണിറ്റിന്റെ ചുമതലക്കാരനും ഡപ്യൂട്ടി സൂപ്രണ്ടുമായ ഡോ. രതീഷ് കുമാർ, നോഡൽ ഓഫീസർ ഡോ. അനുരാജ്,
ആർ എം ഒ ഡോ ആർ പി രഞ്ചിൻ തുടങ്ങിയവർക്കും ശീതളപാനീയങ്ങളും പിന്നീട് ഭക്ഷണങ്ങളും എത്തിച്ച നവജീവൻ ട്രസ്റ്റി പി.യു. തോമസ്, സന്ദർശിച്ച ജനപ്രതിനിധികൾ എന്നിവർക്കാണ് നന്ദി രേഖപ്പെടുത്തിയത്.
ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലെത്തിയാൽ വീണ്ടും പാന്പ് പിടിത്തത്തിന് പോകുമെന്നും സുരക്ഷാ സംവിധാനം ക്രമീകരിക്കുമെന്നും വാവാ സുരേഷ് രാഷ്്ട്രദീപികയോടു പറഞ്ഞു.