കണമല: മൂക്കൻപെട്ടിയിൽനിന്ന് ഒന്നര വർഷത്തിനുളളിൽ മൂന്നാമത്തെ രാജവെന്പാലയെ കൂടി പിടികൂടി. ഇന്നലെ രാത്രിയിൽ വാവ സുരേഷ് എത്തി രാജവെന്പാലയെ പിടികൂടിയതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിവായത്.
കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്റ് ഒ.ജെ. കുര്യന്റെ സഹോദരൻ ഒഴുകയിൽ മാത്യു താമസിക്കുന്ന മൂക്കൻപെട്ടി ടൗണിനടുത്തുളള വാടക വീട്ടിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ രാജവെന്പാല കയറിക്കൂടിയത്.
മാത്യുവിന്റെ ഭാര്യ ലീലാമ്മ വീടിനു വെളിയിൽ നിൽക്കുന്പോഴാണ് രാജവെന്പാല ഇഴഞ്ഞെത്തുന്നത് കണ്ടത്. ഭയന്നോടി ലീലാമ്മ വീട്ടിലേക്ക് കയറി. പിന്നാലെ പാന്പും വീട്ടിനുളളിൽ കയറുകയായിരുന്നു. ഹാളിൽ കസേരയുടെ അടിയിൽ കയറിയ രാജവെന്പാല പുറത്ത് കടക്കാതിരിക്കാൻ വീട് പൂട്ടിയ വനപാലകർ വിവരമറിയിച്ചതോടെ വാവ സുരേഷ് രാത്രി ഒന്പതു മണിയോടെ എത്തുകയായിരുന്നു.
മൂക്കൻപെട്ടി വനത്തിന്റെ മുകൾ ഭാഗമായ അരുവിക്കൽ ഭാഗത്തു നിന്നാണ് രാജവെന്പാല എത്തിയതെന്ന് കരുതുന്നു. ഇത് മൂന്നാം തവണയാണ് രാജവെന്പാലയെ കാണുന്നത്. ആറ് മാസം മുന്പ് മൂക്കൻപെട്ടിയിലും ഒരു വർഷം മുന്പ് അരുവിക്കൽ ഭാഗത്തുനിന്നുമാണ് വീടുകളിൽ നിന്നും രാജവെന്പാലയെ പിടികൂടിയത്. കഴിഞ്ഞ തവണയും വാവ സുരേഷാണ് പിടികൂടിയത്.