തിരുവനന്തപുരം: പത്തനാപുരം ഭാഗത്ത് വച്ച് രക്ത അണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയിൽ കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും ഉറപ്പിക്കണമെങ്കിൽ ഇനിയും 48 മണിക്കൂർ കൂടി കഴിയണം.
ആന്റിവെനം നൽകുന്നുണ്ടെങ്കിലും അത് കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്.
ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.
വാവ സുരേഷിന് വളരെ ശ്രദ്ധാപൂർവമാണ് ചികിത്സകൾ നൽകുന്നതെന്നും ജീവൻ രക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.