ഉത്ര വധക്കേസില് നിര്ണായക നിരീക്ഷണവുമായി പാമ്പ് വിദഗ്ധന് വാവ സുരേഷ്. ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവ സുരേഷ് കോടതിയില് മൊഴി നല്കി.
30 വര്ഷത്തിനിടയില് 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്നിന്ന് അണലിയെ പിടിക്കാന് ഇട വന്നിട്ടില്ലെന്നും പറഞ്ഞു. വീടിനുള്ളില് വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും ആറാം അഡീഷനല് സെഷന്സ് ജഡ്ജി എം.മനോജ് മുന്പാകെ മൊഴി നല്കി.
പറക്കോട്ടെ കിണറ്റില് വീണ പാമ്പിനെ രക്ഷപ്പെടുത്താന് എത്തിയപ്പോള് ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതില് സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില് കയറി കടിക്കില്ലെന്നും അപ്പോള്ത്തന്നെ അവരോടു പറഞ്ഞു.
പിന്നീട് ഉത്രയുടെ വീടു സന്ദര്ശിച്ചപ്പോള്, മൂര്ഖന് സ്വാഭാവികമായി ആ വീട്ടില് കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂര്ഖനും കടിച്ചിട്ടുണ്ട്. മൂര്ഖന്റെയും അണലിയുടെയും കടികള്ക്കു സഹിക്കാന് പറ്റാത്ത വേദനയാണ്.
ഉറങ്ങിക്കിടക്കുന്നവര്ക്കു പോലും ആ വേദന സഹിക്കാനാകില്ലെന്നും വാവ സുരേഷ് മൊഴി നല്കി. 51-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര് മുഹമ്മദ് അന്വറും മൊഴി നല്കി.
അടൂര് പറക്കോടുള്ള വീട്ടില് അണലിയെയും അഞ്ചലില് ഉത്രയുടെ വീട്ടില് മൂര്ഖനെയും കണ്ടതു പാമ്പുകളുടെ സ്വാഭാവികമായ രീതിയില് അല്ലെന്ന് മൊഴി നല്കി.വാവയുടെ മൊഴി ഉത്രയുടെ മരണം കൊലപാതകമാണെന്നതിലേക്കാണ് വിരല് ചൂണ്ടുന്നത്.